പന്തല്ലൂരിൽ വാഹന പാർക്കിംഗ് സൗകര്യം ഏർപ്പെടുത്തണമെന്ന്
1601785
Wednesday, October 22, 2025 5:57 AM IST
പന്തല്ലൂർ: പന്തല്ലൂർ നഗരത്തിൽ മതിയായ വാഹന പാർക്കിംഗ് സൗകര്യം ഏർപ്പെടുത്തണമെന്ന ആവശ്യം ശക്തമായി. താലൂക്ക് ആസ്ഥാനമായ പന്തല്ലൂരിൽ ആവശ്യത്തിന് വാഹന പാർക്കിംഗ് സൗകര്യം ഇല്ല. ദീപാവലി, പൊങ്കൽ, പെരുന്നാൾ, ഓണം, വിഷു, ക്രിസ്മസ് തുടങ്ങിയ പ്രധാന ആഘോഷ ദിവസങ്ങളിൽ കൂടുതൽ ആളുകൾ നഗരത്തിൽ വിവിധ ആവശ്യങ്ങൾക്കായി എത്തും.
ഇത്തരം സന്ദർഭങ്ങളിൽ വാഹനങ്ങൾക്ക് പാർക്ക് ചെയ്യാൻ കഴിയാത്ത സാഹചര്യം ഉണ്ടാകാറുണ്ട്. വാഹനങ്ങൾ പാതയോരത്ത് പാർക്ക് ചെയ്യാറാണ് പതിവ്. ഇത് ഗതാഗത കുരുക്കിന് കാരണമാകും.
നഗരത്തിൽ വാഹന പാർക്കിംഗിന് സൗകര്യം ഏർപ്പെടുത്തുകയാണെങ്കിൽ പരിഹാരം കാണാൻ സാധിക്കും. നെല്ലിയാളം നഗരസഭ അടിയന്തരമായി ഇടപ്പെട്ട് പ്രശ്നത്തിന് പരിഹാരം കാണണമെന്ന് വ്യാപാരികളും നാട്ടുകാരും ആവശ്യപ്പെട്ടു.
നാടുകാണി-പന്തല്ലൂർ-വൈത്തിരി അന്തർസംസ്ഥാന പാതയായതിനാൽ ദിനംപ്രതി നൂറുക്കണക്കിന് വാഹനങ്ങളാണ് ഇതുവഴി കടന്നു പോകുന്നത്. താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ദിനംപ്രതി ആയിരക്കണക്കിന് ആളുകളാണ് പന്തല്ലൂരിൽ എത്തുന്നത്.