വിഷൻ-2031: പട്ടികവർഗ വികസന വകുപ്പിന്റെ സെമിനാർ മാനന്തവാടിയിൽ 25ന്
1601786
Wednesday, October 22, 2025 5:57 AM IST
കൽപ്പറ്റ: വിഷൻ-2031ന്റെ ഭാഗമായി പട്ടികജാതി-വർഗ വികസന വകുപ്പ് 25ന് മാനന്തവാടിയിൽ സംസ്ഥാനതല സെമിനാർ നടത്തും. രാവിലെ 10ന് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ ആരംഭിക്കും. വിഷൻ-2031കരട് നയരേഖ മന്ത്രി ഒ.ആർ. കേളു അവതരിപ്പിക്കും. വകുപ്പ് സെക്രട്ടറി ഡോ.എ. കൗശികൻ റിപ്പോർട്ട് അവതരിപ്പിക്കും.
ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, മുൻ മന്ത്രി എ.കെ. ബാലൻ, ഐ.സി. ബാലകൃഷ്ണൻ എംഎൽഎ, ലോകാരോഗ്യ സംഘടന മുൻ ഡെപ്യുട്ടി ഡയറക്ടർ ഡോ. സൗമ്യ സ്വാമിനാഥൻ തുടങ്ങിയവർ പങ്കെടുക്കും.വിഷയങ്ങളിൽ അവതരണം നടക്കും.
എംഎൽഎമാരായ കെ. ശാന്തകുമാരി, വി. ശശി, കെ.എം. സച്ചിൻദേവ്, യു.ആർ. പ്രദീപ്, കോവൂർ കുഞ്ഞുമോൻ, ഒ.എസ്. അംബിക, സി.കെ. ആശ, പി.പി. സുമോദ്, എ.പി. അനിൽകുമാർ, പി.വി. ശ്രീനിജൻ, സി.സി. മുകുന്ദൻ എന്നിവർ പങ്കെടുക്കും. വൈകുന്നേരം നാലിന് സമാപന സമ്മേളനം കെ. രാധാകൃഷ്ണൻ എംപി ഉദ്ഘാടനം ചെയ്യും.
മന്ത്രി ഒ.ആർ. കേളു അധ്യക്ഷത വഹിക്കും. 2031ൽ പട്ടികവിഭാഗ മേഖലകളിൽ വകുപ്പ് വിഭാവനം ചെയ്യുന്ന വികസന ലക്ഷ്യങ്ങൾ ചർച്ച ചെയ്യുന്നതിനും നൂതന ആശയങ്ങൾ സമാഹരിക്കുന്നതിനുമാണ് സെമിനാർ.