നിയമത്തിനും ചട്ടത്തിനും വിധേയമായി പരാതികൾ പരിഹരിക്കും: മന്ത്രി എം.ബി. രാജേഷ്
1458271
Wednesday, October 2, 2024 5:30 AM IST
സുൽത്താൻ ബത്തേരി: പൊതുജങ്ങളുടെ സങ്കീർണമായ പ്രശ്നങ്ങൾ നിയമത്തിനും ചട്ടത്തിനും വിധേയമായി പരമാവധി പരിഹരിക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് തദ്ദേശ ഭരണ-എക്സൈസ്-പാർലമെന്ററികാര്യ മന്ത്രി എം.ബി രാജേഷ്.
സംസ്ഥാന സർക്കാരിന്റെ മൂന്നാം നൂറുദിന പരിപാടിയുടെ ഭാഗമായി ടൗണ്‍ ഹാളിൽ നടന്ന ജില്ലാതല തദ്ദേശ അദാലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 13 ജില്ലകളിലും തിരുവനന്തപുരം, കോഴിക്കോട്, ഏറണാകുളം കോർപറേഷനുകളിലും നടത്തിയ 16 അദാലത്തുകളിലായി 18,000 പരാതികൾ പരിഹരിച്ചു.
കാസർഗോഡ് ജില്ലയിൽ 99 ശതമാനം പരാതികളും തീർപ്പാക്കി. മറ്റു ജില്ലകളിലും ഏറെക്കുറെ എല്ലാ പരാതികളും പരിഹരിച്ചു. എല്ലാ നിയമ ലംഘനങ്ങളും സാധൂകരിക്കുന്നതിനുള്ളതല്ല അദാലത്ത്. നിയമങ്ങൾ കഠിനമായി വ്യാഖ്യാനിച്ചോ ദുർവ്യാഖ്യാനം നടത്തിയോ അല്ലെങ്കിൽ നിയമങ്ങളിലെ അവ്യക്തത മൂലമോ ആർക്കെങ്കിലും ലഭിക്കേണ്ട ആനുകൂല്യങ്ങൾ, അവകാശങ്ങൾ നിഷേധിക്കുന്പോൾ നിയമത്തിന്റെ ചട്ടക്കൂടിൽനിന്ന് പരിഹരിക്കാനുള്ള ഇടപെടലുകളാണ് അദാലത്തിൽ നടക്കുന്നത്.
അദാലത്തുകളിലൂടെ ലഭിച്ച പരാതികളുടെയും മാർഗനിർദേശങ്ങളുടെയും അടിസ്ഥാനത്തിൽ സർക്കാർ 42 പൊതു തീരുമാനങ്ങൾ എടുത്തിട്ടുണ്ട്. 100 ഓളം ചട്ട ഭേദഗതിയിലൂടെ 351 മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്. ഇതിനു ടൗണ്‍ പ്ലാനിംഗ് വിഭാഗത്തിന്റെ നേതൃത്വത്തിൽ ശിൽപശാല സംഘടിപ്പിച്ച് ആവശ്യമായ നിർദേശം സർക്കാരിന് സമർപ്പിച്ചതായി മന്ത്രി പറഞ്ഞു.
പുഞ്ചിരിമട്ടം ഉരുൾപൊട്ടൽ ദുരന്തം അതിജീവിക്കാൻ ഒറ്റക്കെട്ടായി അണിനിരന്ന ജീവനക്കാരെയും ജനപ്രതിനിധികളെയും മന്ത്രി അഭിനന്ദിച്ചു. ദുരന്തപ്രദേശത്തെ അതിജീവന-പുനരധിവാസ പ്രവർത്തനങ്ങൾക്കു സർക്കാർ പഴുതടച്ച നടപടികളുമായി മുന്നോട്ട് പോവുകയാണെന്നു മന്ത്രി വ്യക്തമാക്കി.
ഐ.സി. ബാലകൃഷ്ണൻ എംഎൽഎ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ, മുനിസിപ്പൽ ചെയർമാൻ ടി.കെ. രമേശ്, തദ്ദേശ സ്വയംഭരണ സ്പെഷൽ സെക്രട്ടറി ടി.വി. അനുപമ, പ്രിൻസിപ്പൽ ഡയറക്ടർ ശീറാം സാംബശിവറാവു, എഡിഎം കെ. ദേവകി, തദ്ദേശ ഭരണ ചീഫ് ടൗണ്‍ പ്ലാനർ ഷിജി ഇ. ചന്ദ്രൻ, ചീഫ് എൻജിനിയർ കെ.ജി. സന്ദീപ്, ഗ്രാമപ്പഞ്ചായത്ത് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് എച്ച്.ബി. പ്രദീപ്, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി, എൽഎസ്ജിഡി ജോയിന്റ് ഡയറക്ടർ ബെന്നി ജോസഫ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.
മുൻകൂട്ടിയും പോർട്ടലിലും രജിസ്റ്റർ ചെയ്തതും കൗണ്ടറുകൾ മുഖേന ലഭിച്ചതുമായ പരാതികളാണ് അദാലത്തിൽ പരിഗണിച്ചത്. കൗണ്ടറുകളിലൂടെ ലഭിച്ച പരാതികളിൽ രണ്ടാഴ്ചയ്ക്കകം തീർപ്പ് ഉണ്ടാക്കും. ബത്തേരി സ്വദേശി കെ. സുരേഷ് വീടിനോടുചേർന്ന് 3.5 സെന്റ് സ്ഥലത്ത് ഉപജീവനത്തിനു ആരംഭിച്ച ഹോട്ടലിന് ലൈൻസ് ലഭിച്ചില്ലെന്ന പരാതി അദാലത്തിൽ തീർപ്പാക്കി. ഉദ്ഘാടന പ്രസംഗത്തിനുശേഷം വേദിയിൽ മന്ത്രി അപേക്ഷന് ലൈസൻസ് കൈമാറി.
‘തദ്ദേശ ചട്ടങ്ങൾ പരിഷ്കരിക്കും’
സുൽത്താൻ ബത്തേരി: കാലാനുസൃതമായ മുന്നേറ്റത്തിന്റെ ഭാഗമായി തദ്ദേശ ചട്ടങ്ങൾ പരിഷ്കരിക്കുമെന്ന് തദ്ദേശ ഭരണ മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. ഇതിനു പ്രത്യേക ശിൽപശാല നടത്തും. നിലവിലെ ചില ചട്ടങ്ങൾ പൊതുവായി ജനങ്ങൾക്ക് നീതി ലഭ്യമാകുന്നതിന് എതിരായി നിൽക്കുന്നുവെങ്കിൽ ഭേദഗതി വരുത്തേണ്ടതുണ്ടത്.
സംസ്ഥാനത്തുടനീളം തദ്ദേശ അദാലത്തുമായി ജങ്ങൾക്കിടയിലൂടെ സഞ്ചരിച്ചപ്പോൾ ബോധ്യപ്പെട്ടതാണിത്. ചട്ടങ്ങൾ ലഘൂകരിച്ച് പൊതുജനങ്ങൾക്ക് പരമാവധി വേഗത്തിൽ സേവനങ്ങൾ ലഭ്യമാക്കുന്നതിൽ തദ്ദേശ ഭരണ വകുപ്പ് പ്രതിജ്ഞാബദ്ധമാണ്.
പരാതികളിൽ അനുകൂലതീർപ്പാണ്എല്ലാവരും ആഗ്രഹിക്കുന്നത്. നിയമ തടസങ്ങളില്ലാത്ത ഏതു പരാതിയും തീർപ്പാക്കാനാണ് തീരുമാനം. ഇതര വകുപ്പുകളുമായി കൂടിയാലോചിക്കേണ്ട വിഷയങ്ങളിൽ പെട്ടന്നു തീരുമാനമെടുക്കണം. ചെറിയ തടസവാദങ്ങളിൽ പൊതുജനങ്ങൾക്ക് നീതി നിഷേധിക്കപ്പെടരുത്. ജില്ലാ തദ്ദേശ അദാലത്തിൽ ലഭിച്ച പുതിയ പരാതികൾ പ്രാഥമിക, ദ്വിതീയ പരിശോധനകൾ പൂർത്തിയാക്കി രണ്ടുമാസത്തിനകം തീർപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.