ഫാ. മൊന്തനാരി ശില്പ പ്രയാണത്തില്‍ കുടിയേറ്റ സ്മരണകള്‍ പെയ്തിറങ്ങി
1395681
Monday, February 26, 2024 1:39 AM IST
പയ്യന്നൂര്‍: കുടിയേറ്റ കര്‍ഷകരില്‍ ഗതകാലസ്മരണകളുടെ വേലിയേറ്റം സൃഷ്ടിച്ച് മൊന്തനാരി ശില്പ പ്രയാണം. ജീവിതം പച്ചപിടിപ്പിക്കാനുള്ള ശ്രമത്തിന് കാടും കാട്ടുമൃഗങ്ങളും മലമ്പനിയും കനത്ത വെല്ലുവിളിയുയര്‍ത്തിയപ്പോള്‍ ആത്മവിശ്വാസവും മരുന്നും നല്കി രക്ഷകനായ മൊന്തനാരിയച്ചന്റെ പൂര്‍ണകായ ശില്പം ആത്മനിര്‍വൃതിയോടെയാണ് മലയോര മക്കള്‍ നോക്കിക്കണ്ടത്. രാജഗിരി സെന്റ് അഗസ്റ്റിന്‍സ് ദേവാലയത്തില്‍ ഇടവക വികാരി ഫാ. വര്‍ഗീസ് വെട്ടിയാനിക്കല്‍ ഫ്ളാഗ് ഓഫ് ചെയ്തതോടെയാണ് ശില്പ പ്രയാണം ആരംഭിച്ചത്.
തുടര്‍ന്ന് പുളിങ്ങോം സെന്റ് ജോസഫ് പള്ളിയില്‍ വികാരിഫാ. ഇമ്മാനുവല്‍ പൂവത്തിങ്കല്‍, ചെറുപുഴ സെന്റ് മേരീസ് ഫൊറോനാപള്ളിയിൽ വികാരി ഫാ. ജോസ് വെട്ടിക്കൽ, പുഞ്ചക്കാട് സെന്റ് ജോസഫ് ഇടവക വികാരി ഫാ. റോയി നെടുന്താനം എന്നിവരുടെ നേതൃത്വത്തില്‍ ഇടവക ജനങ്ങള്‍ ചേര്‍ന്ന് ഉജ്വല സ്വീകരണമാണ് നല്‍കിയത്.
നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ ഏഴിമലയിലെത്തിയ ശില്പപ്രയാണ യാത്രയില്‍നിന്നും മൊന്തനാരി ഗോള്‍ഡണ്‍ ജൂബിലി കമ്മിറ്റി ചെയര്മാന് ഫാ. ബിനോയ് തോമസ് ശില്പം ഏറ്റുവാങ്ങി. യുവശില്പി ഉണ്ണി കാനായിയാണ് മൊന്തനാരിയച്ചന്റെ ഏഴരയടി ഉയരമുള്ള ശില്പം ഫൈബര്‍ ഗ്ലാസില്‍ നിര്‍മിച്ചത്.