ഓടുന്നതിനിടെ ഓമ്നി വാൻ കത്തിനശിച്ചു
1600528
Friday, October 17, 2025 8:09 AM IST
കണ്ണൂർ: ഓടുന്നതിനിടെ തീപിടിച്ച ഓമ്നി വാൻ കത്തിനശിച്ചു. വാൻ ഓടിച്ചയാൾ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ രാത്രി 8.30 ഓടെ എസ്എൻ പാർക്കിനടുത്താണ് സംഭവം. വാൻ പൂർണമായും കത്തി നശിച്ചു.
സവോയ് ഹോട്ടലിനടുത്ത് റോഡരികിൽ നിർത്തിയിട്ട വാൻ മുന്നോട്ടെടുക്കുന്നതിനിടയിൽ തീ കണ്ടതിനെ തുടർന്ന് വാഹനം ഓടിച്ച പടന്നപ്പാലത്തെ ദേവദാസ് ഇറങ്ങിയോടുകയായിരുന്നു. നിമിഷങ്ങൾക്കുള്ളിൽ തീ ആളിപടരുകയായിരുന്നു.
അഗ്നിരക്ഷാ സേന എത്തിയാണ് തീ അണച്ചത്. സമീപത്തെ മിൽമ ബൂത്തിലെ ജീവനക്കാരനായ ദേവദാസിന്റേതാണ് കത്തിനശിച്ച ഓമ്നി വാൻ. അഗ്നിശമന സേന യഥാസമയം എത്തി തീയണച്ചതിനാൽ സമീപത്ത് നിർത്തിയിട്ടിരുന്ന മറ്റ് വാഹനങ്ങൾക്ക് തീ പടരാതെ നിയന്ത്രിക്കാനായി. സീനിയർ ഫയർ റെസ്ക്യൂ ഓഫീസർ സിനോജ്, ഉദ്യോഗസ്ഥരായ രാജേഷ്, വിപിൻ ഉണ്ണികൃഷ്ണൻ, മിഥുൻ എസ് നായർ, ശ്രീജേഷ്, ഗിരീഷ് കുമാർ എന്നിവർ ചേർന്നാണ് തീയണച്ചത്.