ഇരിട്ടി പഴയപാലത്തിന്റെ ഇരുമ്പ് ചട്ടക്കൂടിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് ഇടിച്ചുകയറി
1600073
Thursday, October 16, 2025 2:01 AM IST
ഇരിട്ടി: ബംഗളൂരുവിൽ നിന്ന് പയ്യന്നൂരിലേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് ഇരിട്ടി പഴയപാലത്തിന്റെ ഇരുമ്പ് ചട്ടക്കൂടിൽ ഇടിച്ചുകയറി. ഡ്രൈവർ ബിജു, കണ്ടക്ടർ മാത്യു ഉൾപ്പെടെ എട്ട് പേർക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല. ഇന്നലെ പുലർച്ചെ നാലോടെയായിരുന്നു അപകടം. പരിക്കേറ്റവരെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസിൽ 22 യാത്രക്കാരുണ്ടായിരുന്നു. ഇരിട്ടിയിൽ യാത്രക്കാരെ ഇറക്കി പയ്യന്നൂരിലേക്ക് പോകുമ്പോഴായിരുന്നു അപകടം.
ബസ് നിയന്ത്രണംവിട്ട് പാളിയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. പാലത്തിലേക്ക് പ്രവേശിക്കുന്നതിന് മുന്പ് ബസ് റോഡിൽനിന്ന് തെന്നിമാറി പാലത്തിന്റെ വലതുഭാഗത്തെ വലിയ കരിങ്കൽ തൂണിൽ പിൻഭാഗം തട്ടുകയായിരുന്നു. പിന്നീട് പാലത്തിന്റെ ഇടതുവശത്തെ ഇരുമ്പ് ചട്ടക്കൂടിലേക്ക് ഇടിച്ചു കയറി. ഇടിയുടെ ആഘാതത്തിൽ മുൻഭാഗം പൂർണമായും തകർന്നു.
ബസ് പാലത്തിലേക്ക് പ്രവേശിക്കുന്നതിന്റെ 20 മീറ്ററിനുള്ളിലാണ് അപകടം. കുത്തിയൊഴുകുന്ന പുഴയിലേക്ക് പതിക്കാതെ ബസിനെ രക്ഷിച്ചത് നൂറ്റാണ്ട് പഴക്കമുള്ള പാലത്തിന്റെ ഇരുമ്പു ചട്ടക്കൂടാണ്. പാലത്തിലേക്ക് ഇടിച്ചുകയറിയ ബസിന്റെ പകുതി ഭാഗത്തോളം തകർന്ന് വെളിയിലേക്കായിരുന്നു. ഇരിട്ടി പോലീസും ഫയർ ഫോഴ്സും ഉടൻ സംഭവസ്ഥലത്തെത്തി. അപകടത്തെ തുടർന്ന് തളിപ്പറമ്പ് - ഉളിക്കൽ ഭാഗത്തേക്കുള്ള ഗതാഗതം പുതിയപാലത്തിലൂടെ വതിരിച്ചുവിട്ടു. ഇതോടെ പുതിയപാലത്തിൽ വലിയ ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്.