നവീൻ ബാബുവിനെ അനുസ്മരിക്കാതെ ഇടത് അനുകൂല സംഘടനകൾ
1600074
Thursday, October 16, 2025 2:01 AM IST
കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ ഒന്നാം ചരമ വാർഷികത്തിൽ അനുസ്മരണ പരിപാടികൾ സംഘടിപ്പിക്കാതെ ഇടത് അനുകൂല സംഘടനകൾ. സ്റ്റാഫ് കൗൺസിൽ പോലും അനുസ്മരണ യോഗം ചേരാൻ തയാറായില്ല.
അതേസമയം, ബിജെപിയും യൂത്ത് കോൺഗ്രസും എൻജിഒ അസോസിയേഷനും കളക്ടറേറ്റ് പരിസരത്ത് അനുസ്മരണ യോഗം സംഘടിപ്പിച്ചു. ബിജെപി കളക്ടറേറ്റിന് മുന്നിൽ നവീൻ ബാബുവിന്റെ ഛായാചിത്രം സ്ഥാപിച്ച് പുഷ്പാർച്ചന നടത്തി. നോർത്ത് ജില്ലാ പ്രസിഡന്റ് കെ.കെ.വിനോദ് കുമാർ അനുശോചന പ്രസംഗം നടത്തി.
പി.പി.ദിവ്യയുടെ നാവാണ് നവീൻ ബാബുവിനെ കൊന്നതെന്നും ദിവ്യയെ സ്വർണപ്പാളികൊണ്ട് പൊതിയാനാണ് സിപിഎം നീക്കമെന്നും വിനോദ് കുമാർ ആരോപിച്ചു. എൻജിഒ അസോസിയേഷൻ സംഘടിപ്പിച്ച അനുസ്മരണം ജില്ലാ വൈസ് പ്രസിഡന്റ് ഇ.പി.അബ്ദുല്ലയും യൂത്ത് കോൺഗ്രസ് സംഘടിപ്പിച്ച അനുസ്മരണം ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജും ഉദ്ഘാടനം ചെയ്തു.