വ്യാപാരിമിത്ര: 50 ലക്ഷം രൂപയുടെ സഹായം വിതരണം ചെയ്തു
1600054
Thursday, October 16, 2025 2:01 AM IST
കണ്ണൂർ: കേരള വ്യാപാരി വ്യവസായി സമിതി കണ്ണൂർ ജില്ലാ കമ്മിറ്റിയിൽ അംഗങ്ങളായിരിക്കെ മരിച്ച വ്യാപാരികളുടെ കുടുംബത്തിനുള്ള ധനസഹായ പദ്ധതിയായ വ്യാപാരി മിത്ര ധനസഹായ വിതരണം കണ്ണൂരിൽ നടന്നു. ചേംബർ ഓഫ് കൊമേഴ്സ് ഹാളിൽ നടന്ന പരിപാടി സംസ്ഥാന സെക്രട്ടറി ഇ.എസ്. ബിജു ഉദ്ഘാടനം ചെയ്ത് ധനസഹായം വിതരണം ചെയ്തു.
പത്ത് വ്യാപാരികളുടെ കുടുംബങ്ങൾക്കുള്ള മരണാനന്തര ആനുകൂല്യമായി അഞ്ചു ലക്ഷം രൂപ വീതം അന്പത് ലക്ഷം രൂപയുടെ സഹായം കൈമാറി. വ്യാപാരി മിത്ര അംഗങ്ങൾക്കുള്ള ചികിത്സാ സഹായവിതരണം കണ്ണൂർ മേയർ മുസ്ലിഹ് മഠത്തിൽ നിർവഹിച്ചു.
ഇത് വരെയായി വ്യാപാരി മിത്ര പദ്ധതിയിലൂടെ 259 കുടുംബങ്ങളിലായി ആറു കോടിയോളം രൂപ വിതരണം ചെയ്തിട്ടുണ്ട്. കാൻസർ, ബൈപാസ് സർജറി, ആൻജിയോപ്ലാസ്റ്റി, വൃക്ക മാറ്റിവയ്ക്കൽ, കരൾ മാറ്റിവയ്ക്കൽ, അംഗഭംഗം വന്ന വ്യാപാരികൾക്കുള്ള സഹായങ്ങൾ തുടങ്ങി വിവിധ ചികിത്സാ സഹായങ്ങളും ഡയാലിസിന് പ്രതിമാസം 2,000 രൂപ വീതം അംഗംങ്ങൾക്ക് സംഘടന നൽകുന്നുണ്ട്.
മരിച്ച വ്യാപാരി മിത്ര അംഗങ്ങളുടെ മക്കൾക്ക് പ്ളസ് ടു വരെയുള്ള പഠനത്തിന് സ്കോളർഷിപ്പും നൽകി വരുന്നു. വ്യാപാരി മിത്ര ട്രസ്റ്റ് ചെയർമാൻ പി.എം. സുഗുണൻ അധ്യക്ഷ വഹിച്ചു. സംസ്ഥാന ട്രഷറർ വി. ഗോപിനാഥൻ, വ്യാപാരി മിത്ര ട്രസ്റ്റ് കൺവീനർ കെ.വി. ഉണ്ണികൃഷ്ണൻ, സമിതി ജില്ലാ പ്രസിഡന്റ് പി. വിജയൻ,സമിതി സംസ്ഥാന കമ്മിറ്റി അംഗംങ്ങളായ ചാക്കോ മല്ലപ്പള്ളി,കെ. പങ്കജവല്ലി,എം.എ. ഹമീദ് ഹാജി, ജില്ലാ വൈസ് പ്രസിഡന്റ് കെ.കെ. സഹദേവൻ, ഇ. സജീവൻ എന്നിവർ പ്രസംഗിച്ചു.