സംരംഭകത്വവളർച്ചയും ലക്ഷ്യം: മന്ത്രി ചിഞ്ചു റാണി
1599521
Tuesday, October 14, 2025 1:49 AM IST
കണ്ണൂർ: മുട്ട ഉത്പാദനത്തിൽ സ്വയം പര്യാപ്തത നേടുന്നതിനൊപ്പം സംരഭകത്വം വളർത്തുന്നതിനുമുള്ള വിവിധ പദ്ധതികളാണ് മൃഗസംരക്ഷണ വകുപ്പ് ആവിഷ്കരിച്ചു നടപ്പാക്കുന്നതെന്ന് മന്ത്രി ജെ. ചിഞ്ചു റാണി. ലോക മുട്ടദിനത്തോടനുബന്ധിച്ച് ജില്ലാ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ നടന്ന സംരംഭകത്വ സംഗമവും സംരംഭകരെ ആദരിക്കലും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
ഉത്പാദന ശേഷി കൂടിയ ബി വി-380 മുട്ടക്കോഴി കുഞ്ഞുങ്ങളെ മൃഗസംരക്ഷണ വകുപ്പിന്റെ ഫാമിൽ ഉത്പാദിപ്പിച്ച് കർഷകർക്ക് നൽകുന്നുണ്ട്. കൂടാതെ സർക്കാർ ഫാമുകൾ, വിവിധ ഏജൻസികൾ എന്നിവിടങ്ങളിൽ ഉത്പാദിപ്പിക്കുന്ന കോഴിക്കുഞ്ഞുങ്ങളെ തദ്ദേശ സ്ഥാപനങ്ങൾ വഴി വിവിധ സ്കീമുകളിൽ ഉൾപ്പെടുത്തിയും വിതരണം ചെയ്തു വരികയാണ്.
ഇത്തരം പ്രവർത്തനങ്ങൾ മുട്ട ഉത്പാജനത്തിൽ ഗണ്യമായ വർധന ഉണ്ടാക്കിയിട്ടുണ്ട്. മുട്ടയിൽ സംരംഭകത്വം വളർത്താൻ വിവിധ സർക്കാർ ഏജൻസികൾ വഴി കർഷകർക്ക് സബ്സിഡി നൽകുന്നുണ്ട്. മുട്ടക്കോഴി വളർത്തലിനൊപ്പം ഇറച്ചിക്കോഴി വളർത്തലിലും പുതിയ സംരംഭകരെ വളർത്താനുള്ള ശ്രമവും നടക്കുന്നുണ്ട്. ലൈസൻസ് വ്യവസ്ഥകൾ പരിഷ്ക്കരിച്ചു. മൃഗസംരക്ഷണ വകുപ്പിന്റെ കേരള ചിക്കൻ പോലെയുള്ള സംരംഭങ്ങളും ഇടപെടലുകളും മുട്ട, ഇറച്ചി ഉത്പാദനത്തിൽ സ്വയം പര്യാപ്തത എന്നതിനൊപ്പം സാമ്പത്തിക സുരക്ഷയും കൂടി സാധ്യമാക്കുന്നതാണെന്നും മന്ത്രി പറഞ്ഞു.
മുട്ടക്കോഴി വളർത്തൽ മേഖലയിലെ മികച്ച സംരംഭകരെ മന്ത്രി ആദരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. കെ. രത്നകുമാരി അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ട്രെയിനിംഗ് ഓഫീസർ ഡോ. ഒ. എം. അനിത വിഷയം അവതരിപ്പിച്ചു. തുടർന്ന് മുട്ടക്കോഴി സംരംഭകർ, നഴ്സറി ഉടമകൾ എന്നിവർക്കായി വിവിധ സെമിനാറുകൾ നടന്നു. മുട്ടക്കോഴി വളർത്തലിന് തെരഞ്ഞെടുക്കേണ്ട ഇനങ്ങളെക്കുറിച്ച് ഡോ.പി. ഗിരീഷ് കുമാർ ക്ലാസെടുത്തു.
വിവിധ വിഷയങ്ങളിൽ കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ എം.വി. ജയൻ,അസിസ്റ്റന്റ് ഡിസ്ട്രിക്ട് ഇൻഡസ്ട്രീസ് ഓഫീസർ എൻ. വിനോദ് കുമാർ, എം.വി. പ്രദീപ് കുമാർ, മലിനീകരണ നിയന്ത്രണ ബോർഡ് അസി. എൻജിനിയർ പി. അശ്വിനി, എം. മനോജ്കുമാർ, കേരള ഗ്രാമീൺബാങ്ക് മാനേജർ അനൂപ് മോഹൻ എന്നിവർ ക്ലാസെടുത്തു.
പരിശീലന കേന്ദ്രത്തിന് ഉപകരണങ്ങൾ നിർമിച്ച് നൽകിയ സിഡ്കോയ്ക്കുള്ള ചെക്ക് മാർക്കറ്റിംഗ് മാനേജർ കെ.കൃഷ്ണദാസ് ഏറ്റുവാങ്ങി. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ടിൽനിന്ന് 20 ലക്ഷം രൂപയാണ് ഇതിനായി അനുവദിച്ചത്. കൗൺസിലർ പി. കെ. അൻവർ, ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. എസ്. അനിൽകുമാർ, മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. എം. വിനോദ്കുമാർ, ചീഫ് വെറ്ററിനറി ഓഫീസർ ഡോ. സി.പി. ധനഞ്ജയൻ, ഡോ. കെ.വി. സന്തോഷ് കുമാർ, ഡോ. പി.കെ. പത്മരാജ്, ഡോ. കിരൺ വിശ്വനാഥ്, കേളോത്ത് നാണു, കെ. സുധി എന്നിവർ പ്രസംഗിച്ചു.