ആറളം വൈൽഡ്ലൈഫ് ഡിവിഷനിലെ വന്യജീവി വാരാഘോഷ പരിപാടികൾ സമാപിച്ചു
1598732
Saturday, October 11, 2025 1:47 AM IST
ഇരിട്ടി: വന്യജീവി വാരാഘോഷത്തോടനുബന്ധിച്ച് ആറളം വൈൽഡ്ലൈഫ് ഡിവിഷനിൽ നടത്തിയ വിവിധ പരിപാടികൾ സമാപിച്ചു. സമാപനത്തോടനുബന്ധിച്ച് ആറളം വന്യജീവി സങ്കേതത്തിൽ അധിനിവേശ സസ്യ-ജന്തുജാലങ്ങളെപ്പറ്റിയുള്ള ദ്വിദിന ശില്പശാല സംഘടിപ്പിച്ചു.
വനം വകുപ്പും മലബാർ അവെയർനെസ് ആൻഡ് റെസ്ക്യൂ സെന്റർ ഫോർ വൈൽഡ്ലൈഫ് (മാർക്) എന്ന സംഘടനയും സംയുക്തമായി നടത്തിയ പരിപാടിയിൽ വിവിധ കോളജുകളിൽ നിന്നുള്ള വിദ്യാർഥികളും ആറളം വൈൽഡ്ലൈഫ് ഡിവിഷന് കീഴിലെ ജീവനക്കാരും പങ്കെടുത്തു.
ആദ്യ ദിനത്തിൽ സീക്ക് എക്സിക്യൂട്ടീവ് അംഗവും പരിസ്ഥിതി പ്രവർത്തകനുമായ വി.സി. ബാലകൃഷ്ൻ "ഇൻവാസിവ് അലൈൻ സ്പെസിസ് ഇൻ കണ്ണുർ, ഡെക്കഡെസ് ഓഫ് ഒബ്സെർവേഷൻ' എന്ന വിഷയത്തിൽ ക്ലാസ് നടത്തി. രണ്ടാം ദിനം കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ സീനിയർ ശാസ്ത്രജ്ഞൻ ഡോ.ടി.വി. സജീവ്, ഡോ. സ്മൃതി രാജ് എന്നിവർ ക്ലാസെടുത്തു.
സമാപന സമ്മേളനം ഉത്തരമേഖലാ വനം കൺസർവേറ്റർ ബി. അഞ്ചൻകുമാർ ഉദ്ഘാടനം ചെയ്തു. ആറളം വൈൽഡ്ലൈഫ് വാർഡൻ വി. രതീശൻ അധ്യക്ഷത വഹിച്ചു.
അസിസ്റ്റന്റ് വൈൽഡ്ലൈഫ് വാർഡൻ രമ്യ രാഘവൻ, ആറളം ഫാം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഡോ. നിതീഷ്കുമാർ, കേരള സ്റ്റേറ്റ് ബയോഡൈവേഴ്സിറ്റി ബോർഡ് മെംബർ സെക്രട്ടറി ഡോ. വി. ബാലകൃഷ്ണൻ, മാർക്ക് സെക്രട്ടറി ഡോ. റോഷ്നാഥ് രമേശ് തുടങ്ങിയവർ പ്രസംഗിച്ചു.