വനംവകുപ്പിന്റെ "ഗജമുക്തി'; കാട്ടാനകളുടെ "കൃഷിമുക്തി'
1598630
Friday, October 10, 2025 8:00 AM IST
ഇരിട്ടി: വന്യജീവി ആക്രമണം ലഘൂകരിക്കുന്നതിന്റെ ഭാഗമായി വനം വകുപ്പിന്റെ ഓപ്പറേഷൻ ഗജമുക്തി തുടരുമ്പോഴും മറ്റൊരു ഭാഗത്തുനിന്ന് കാട്ടാനകൾ കൃഷികൾ നശിപ്പിക്കുകയും പ്രദേശവാസികൾക്ക് ഭീഷണി സൃഷ്ടിക്കുന്നതും പതിവാകുന്നു.
ഗജമുക്തിയുടെ ഭാഗമായി ബുധനാഴ്ച പകൽ വനം വകുപ്പ് നടത്തിയ ദൗത്യത്തിൽ ചോമാനി ലക്ഷദ്വീപ് ഭാഗത്തുനിന്ന് ഒറ്റയാനെ കാട്ടിലേക്ക് തുരത്തിയിരുന്നു. എന്നാൽ, ആനയെ കാട്ടിലെത്തിച്ച് മണിക്കൂറുകൾക്കുള്ളിൽ രാത്രിയിൽ പുനരധിവാസ മേഖലയിലെ മറ്റൊരു ഭാഗത്ത് ഈ കാട്ടാന വീണ്ടും ഭീതി സൃഷ്ടിച്ചു. ബ്ലോക്ക് ഏഴിൽ റേഷൻ കടയ്ക്ക് സമീപം കാട്ടാന ചവിട്ടി വീഴ്ത്തിയ തെങ്ങ് റോഡിന് കുറുകെ വീണതോടെ ചെറിയ വാഹനങ്ങൾക്ക് പോലും കടന്നുപോകാൻ കഴിയാത്തവിധം ഗതാഗതം തടസപ്പെട്ടു. ആന മറിച്ചിട്ട തെങ്ങ് വൈദ്യുത ലൈനിലേക്ക് വീണ് വൈദ്യുത തൂണും തകർന്നു. ഇന്നലെ രാവിലെ ആർആർടിയും കെഎസ്ഇബിയും എത്തിയാണ് റോഡിലെ തടസങ്ങൾ നീക്കിയത്.
ആറളം ഫാമിലും പുനരധിവാസ മേഖലയിലും എത്ര ആനകൾ തമ്പടിച്ചിരുന്നു എന്ന കൃത്യമായ കണക്ക് ആരുടെ പക്കലും ഇല്ലെന്നതാണ് യാഥാർഥ്യം. വനംവകുപ്പ് 40 ആനകൾ ഉണ്ടെന്ന് പറയുന്പോൾ അതിന്റെ ഇരട്ടി ആനകൾ ഉണ്ടെന്നാണ് പ്രദേശവാസികൾ പറയുന്നത്. കാട്ടിലേക്ക് തുരത്തുന്ന വേഗത്തിൽ തന്നെ ആനകൾ തിരിച്ച് പുനരധിവാസ മേഖലയിൽ എത്തുന്നത് നിരന്തമായി തുടരുന്ന പ്രക്രിയ ആണ്. നിലവിലെ താത്കാലിക സോളാർ വേലി മരം തള്ളിയിട്ട് തകർത്ത ശേഷമാണ് ആനകൾ ജനവാസ മേഖലയിൽ പ്രവേശിക്കുന്നത്.
ആനകളെ നിയന്ത്രിക്കുന്നതിന് താൽക്കാലിക സംവിധാനങ്ങൾക്ക് കഴിയുന്നില്ല. ആനമതിൽ മാത്രമാണ് ആനകളെ നിയന്ത്രിക്കുന്നതിന് ഏക പോംവഴി. എന്നാൽ, പകുതി പോലും എത്താതെ നിലച്ച മതിൽ നിർമാണം പുനരാരംഭിക്കുന്നത് കോടതിയുടെ പരിഗണനക്ക് കാത്തിരിക്കുകയാണ്.