തലശേരി അതിരൂപത മാതൃവേദി കലോത്സവം 11ന് ചെമ്പേരിയിൽ
1597850
Wednesday, October 8, 2025 12:59 AM IST
ചെമ്പേരി: സീറോ മലബാർ മാതൃവേദി തലശേരി അതിരൂപത കലോത്സവം "നസ്രാണി ഫെസ്റ്റ് 2025' ചെമ്പേരിയിൽ 11 ന് നടക്കും. നിർമല ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ രാവിലെ 9.30 ന് അതിരൂപത ചാൻസലർ റവ. ഡോ. ജോസഫ് മുട്ടത്തുകുന്നേൽ ഉദ്ഘാടനം ചെയ്യും. 19 മേഖലകളിൽ നടത്തിയ വിവിധയിനം കലാമത്സരങ്ങളിൽ ഒന്നാം സ്ഥാനം നേടിയവരാണ് അതിരുപത കലോത്സത്തിൽ മാറ്റുരയ്ക്കുക.
മാർഗംകളി, റമ്പാൻ പാട്ട്, ക്രിസ്തീയ കോൽക്കളി, സാമുദായിക നിശ്ചലദൃശ്യം, മാതൃവേദി ആന്തം, സാമുദായിക വിഷയങ്ങളെ ആസ്പദമാക്കിയുള്ള പ്രസംഗം, മോണോ ആക്ട്, കവിത, സംഗീതം, ക്വിസ് എന്നിവയിൽ ഒമ്പത് വേദികളിലായാണ് മത്സരങ്ങൾ. ഉച്ചകഴിഞ്ഞ് നടക്കുന്ന സമാപന സമ്മേളനത്തിൽ വിജയികളായ മേഖലകൾക്കും യൂണിറ്റുകൾക്കുമുള്ള ട്രോഫിയും സമ്മാനാർഹർക്കുള്ള സർട്ടിഫിക്കറ്റും, മൊമന്റോയും അതിരൂപത പ്രോട്ടോ സിഞ്ചെല്ലൂസ് മോൺ. ആന്റണി മുതുകുന്നേൽ വിതരണം ചെയ്യും. വിവിധ ഫൊറോനകളിലെ ആയിരത്തോളം അമ്മമാർ പങ്കെടുക്കും.