കത്തോലിക്കാ കോൺഗ്രസ് അവകാശ സംരക്ഷണ റാലി: പേരാവൂരിലെ സ്വീകരണത്തിന് ഒരുക്കങ്ങൾ പൂർത്തിയായി
1598606
Friday, October 10, 2025 7:58 AM IST
പേരാവൂർ: കത്തോലിക്കാ കോൺഗ്രസ് അവകാശ സംരക്ഷണ റാലിക്ക് പേരാവൂരിൽ നൽകുന്ന സ്വീകരണത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.
റാലിയുടെ തലശേരി അതിരൂപത സമാപനം 14 ന് വൈകുന്നേരം നാലിന് മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളി നഗറിൽ (പേരാവൂർ പഴയ ബസ്സ്റ്റാൻഡ്) ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി ഉദ്ഘാടനം ചെയ്യും. എകെസിസി ഗ്ലോബൽ ഡയറക്ടർ റവ. ഡോ. ഫിലിപ്പ് കവിയിൽ അധ്യക്ഷതവഹിക്കും. താമരശേരി ബിഷപ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ അനുഗ്രഹ പ്രഭാഷണവും ജാഥ ക്യാപ്റ്റൻ രാജീവ് കൊച്ചുപറമ്പിൽ മുഖ്യപ്രഭാഷണവും നടത്തും.
പരിപാടിയുടെ വിജയത്തിന് 1001 അംഗ കമ്മിറ്റിയും 250 അംഗ വോളണ്ടിയേഴ്സിനെയും തെരഞ്ഞെടുത്തു. വിവിധ യൂണിറ്റുകളിൽനിന്ന് പതിനായിരത്തോളം അംഗങ്ങൾ പങ്കെടുക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു.
സമ്മേളനത്തിന് മുന്നോടിയായി ചെവടിക്കുന്ന് ശ്രീകൃഷ്ണ ക്ഷേത്ര മൈതാനിയിൽ നിന്ന് പേരാവൂർ ടൗണിലേക്ക് സമാപനറാലി നടക്കും. പേരാവൂർ സെന്റ് ജോസഫ് മേജർ ആർക്കി എപ്പിസ്കോപ്പൽ പള്ളി ആർച്ച്പ്രീസ്റ്റ് ഫാ. മാത്യു തെക്കേമുറി ഫ്ലാഗ് ഓഫ് ചെയ്യും.
12ന് കൊളക്കാട് സെന്റ് തോമസ് തീർഥാടന ദേവാലയത്തിൽനിന്ന് പേരാവൂർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളി നഗറിലേക്ക് വിളംബര ബൈക്ക് റാലി നടക്കും. എകെസിസി മേഖല ഡയറക്ടർ ഫാ. തോമസ് പട്ടാംകുളം ഫ്ലാഗ് ഓഫ് ചെയ്യും.
പത്രസമ്മേളനത്തിൽ എകെസിസി ഗ്ലോബൽ ഡയറക്ടർ റവ.ഡോ. ഫിലിപ്പ് കവിയിൽ, മേഖല പ്രസിഡന്റ് ജോർജ് കാനാട്ട്, ജോണി തോമസ്, ജോബി കുര്യൻ, ബ്രിട്ടോ ജോസ് തുടങ്ങിയവർ പങ്കെടുത്തു.