തളിപ്പറന്പിൽ ഭീതിയുടെ മണിക്കൂറുകൾ
1598632
Friday, October 10, 2025 8:00 AM IST
തളിപ്പറന്പ് : നാടിനെ നടുക്കിയ തളിപ്പറന്പ് തീപിടിത്തത്തിൽ 10 കോടിയിലേറെ രൂപയുടെ നഷ്ടമുണ്ടായെന്നാണ് പ്രാഥമിക വിലയിരുത്തൽ. നാല് മണിക്കൂറിലേറെ നീണ്ട പ്രയത്നത്തിലൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
തീ ആളിപ്പടർന്നതോടെ തളിപ്പറന്പ് ബസ് സ്റ്റാൻഡിൽ നിന്ന് ആളുകളെ ഒഴിപ്പിക്കുകയും ബസുകൾ മാറ്റുകയും ചെയ്തു. റോഡരികിൽ പാർക്ക് ചെയ്ത മുഴുവൻ വാഹനങ്ങളും പോലീസ് ഇടപെട്ട് മാറ്റുകയും അപകട ഭീഷണി ഒഴിവാക്കുകയും ചെയ്തു. ഫയർഫോഴ്സ് , ജാഫർ കുടിവെള്ള വിതരണ വാഹനം, മേഘ കൺസ്ട്രക്ഷൻസിന്റെ വാഹനം എന്നിവയിൽ വെള്ളം എത്തിച്ചാണ് തീയണച്ചത്.
മുഖ്യമന്ത്രി പിണറായി വിജയൻ, തളിപ്പറന്പ് എംഎൽഎ എം.വി. ഗോവിന്ദൻ എന്നിവരുടെ നിർദേശാനുസരണം ജില്ലാ കളക്ടർ അരുൺ കെ. വിജയൻ, കണ്ണൂർ റൂറൽ പോലീസ് മേധാവി അനൂജ് പലിവാൾ എന്നിവർ സംഭവസ്ഥലത്ത് ക്യാന്പ് ചെയ്ത് സ്ഥിതിഗതികൾ വിലയിരുത്തി. അഗ്നിശമന യൂണിറ്റുകൾക്ക് പുറമെ കുപ്പം ഖലാസികളും വെള്ളം കൊണ്ടുവന്ന് തീയണച്ചിരുന്നു. രാത്രി പത്തോടെയാണ് തീ നിയന്ത്രണവിധേയമാക്കിയത്.

തീപിടിത്തം തുടങ്ങിയ ഉടനെ നഗരസഭ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി, വൈസ് ചെയർമാൻ കല്ലിങ്കിൽ പത്മനാഭൻ മറ്റു കൗൺസിലർമാർ എന്നിവർ സംഭവസ്ഥലത്തെത്തി നിർദേശങ്ങൾ നൽകുകയും തീ അണയ്ക്കുന്നതിനും മുനിസിപ്പാലിറ്റിയിലെ കണ്ടിജൻസി ജീവനക്കാർ ഉൾപ്പെടെയുള്ളവരെ പങ്കാളികളാക്കുകയും ചെയ്തു.
ജില്ലാ കളക്ടർ അരുൺ കെ.വിജയൻ, മുൻ മന്ത്രി ഇ.പി. ജയരാജൻ, സിപിഎം ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്, അബ്ദുൾ കരീം ചേലേരി, ടി.ഒ.മോഹനൻ വി.പി. അബ്ദുൾ റഷീദ്, വ്യാപാരി നേതാക്കളായ കെ.എസ്. റിയാസ്, വി. താജുദീന്, സിപിഎം നേതാവ് കെ. സന്തോഷ്, എ.പി. ഗംഗാധന് തുടങ്ങി വിവിധ രാഷ്ട്രീയകക്ഷി നേതാക്കളും തളിപ്പറമ്പ് ഡിവൈഎസ്പി കെ.ഇ. പ്രേമചന്ദ്രന്, ഇന്‍സ്പെക്ടര്‍ പി. ബാബുമോന്, എസ്ഐ ദിനേശന് കൊതേരി എന്നിവരുള്‍പ്പെടെ സ്ഥലത്തെത്തിയിരുന്നു.
അവലോകന യോഗം ഇന്ന്
തളിപ്പറന്പ്: തീപിടിത്തം സംബന്ധിച്ച് അവലോകനം നടത്താനായി ഇന്ന് രാവിലെ 10 ന് താലൂക്ക് ഓഫീസിൽ യോഗം ചേരും. എം.വി.ഗോവിന്ദൻ എംഎൽഎ, ജില്ലാ കളക്ടർ അരുൺ കെ.വിജയൻ തുടങ്ങിയവർ പങ്കെടുക്കും.
ആകെ സന്പാദ്യം എരിഞ്ഞടങ്ങി; നോവായി ഗിരീശൻ
തളിപ്പറന്പ്: കിഡ്നി മാറ്റിവച്ച പറപ്പുലിലെ ഗിരീശന്റെ സ്റ്റുഡിയോ പൂർണമായും കത്തിയമർന്നു. കാമറ, കംപ്യൂട്ടർ, സ്റ്റുഡിയോ ലൈറ്റ് തുടങ്ങിയവയൊന്നും എടുക്കാനായില്ല. എല്ലാം തീയിൽ കത്തിയമർന്നു. ദുരിതക്കയത്തിലായിരുന്ന ഗിരീശന് തന്റെ ആകെ സന്പാദ്യമായ സ്റ്റുഡിയോ കത്തിയമരുന്നത് നോക്കി നിൽക്കാനേ സാധിച്ചുള്ളൂ.