കരിമ്പം ജില്ലാ സ്റ്റേഡിയത്തിന് ധനാനുമതി നൽകി ഉത്തരവായി
1598127
Thursday, October 9, 2025 12:58 AM IST
തളിപ്പറമ്പ്: കരിമ്പത്ത് കില കാമ്പസിൽ നിർമിക്കുന്ന ജില്ലാ സ്റ്റേഡിയത്തിനും സ്പോർട്സ് കോംപ്ലക്സിനും കിഫ്ബിയുടെ ധനാനുമതി നൽകി ഉത്തരവായി.
സ്പോർട്സ് കേരള ഫൗണ്ടേഷൻ (എസ്കെഎഫ്) സമർപ്പിച്ച 45 കോടിയുടെ വിശദപദ്ധതി രേഖയ്ക്കാണ് കിഫ്ബി അംഗീകാരം നൽകിയത്. എസ്കെഎഫ് സാങ്കേതികാനുമതി ഈ മാസം 25 നുള്ളിൽ ലഭ്യമാക്കുന്നതോടെ ടെൻഡർ നടപടികളിലേക്കും കടക്കും. നടപടികൾ പൂർത്തിയാക്കി ജനുവരിയോടെ സ്റ്റേഡിയം കോംപ്ലക്സ് നിർമാണ പ്രവൃത്തി ആരംഭിക്കും.
തിരുവനന്തപുരത്ത് നടന്ന യോഗത്തിൽ മന്ത്രി അബ്ദു റഹ്മാൻ, എം.വി. ഗോവിന്ദൻ എംഎൽഎ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. കരിമ്പത്തെ കില നിർമിക്കുന്ന അക്കാദമിക് കോളജിനോട് ചേർന്നാണ് 10 ഏക്കർ സ്ഥലം സ്റ്റേഡിയം നിർമാണത്തിന് എം.വി ഗോവിന്ദൻ എംഎൽഎ മുഖേന കില കൈമാറിയത്.
ഇവിടെയാണ് 45 കോടിയുടെ പദ്ധതി എസ്റ്റിമേറ്റ് സ്പോർട്സ് കേരള ഫൗണ്ടേഷൻ നേരത്തെ സർക്കാറിന് സമർപ്പിച്ചത്. അന്താരാഷ്ട്ര നിലവാരത്തോടെ ഉയരുന്ന സ്റ്റേഡിയത്തിൽ ദേശീയ അന്തർദേശീയ ഫുട്ബോൾ മത്സരങ്ങൾ നടത്താൻ സാധിക്കും. എട്ട് ലൈൻ 400 മീറ്റർ സിന്തറ്റിക് ട്രാക്ക് ആൻഡ് ഫുട്ബോൾ ടർഫ്, പവലിയൻ ഗാലറി, ഇൻഡോർ സ്റ്റേഡിയം, കായികതാരങ്ങൾക്ക് വിശ്രമിക്കാനും താമസിക്കാനുമുള്ള സൗകര്യമുൾപ്പെടെയുള്ള അഡ്മിനിസ്ട്രേറ്റീവ് –ഹോസ്റ്റൽ ബ്ലോക്ക് എന്നിവ ഉണ്ടാകും.
സ്റ്റേഡിയത്തിന് ചുറ്റും ഇന്റർലോക്ക് കട്ടകൾ വിരിച്ച് മനോഹരമാക്കും. ഫ്ളഡ്ലൈറ്റുകളുകളും സ്ഥാപിക്കും. സാങ്കേതികാനുമതികൂടി ലഭ്യമാകുന്നതോടെ സ്റ്റേഡിയം നിർമാണം തുടങ്ങുന്നതിന് മണ്ണ് മാറ്റുന്നതുൾപ്പെടെയുള്ള പണികൾ ആരംഭിക്കും.
വിവിധ കായിക മത്സരങ്ങൾക്ക് സ്റ്റേഡിയം വേദിയാകും. മേഖലയിലെ അടിസ്ഥാന വികസനത്തിനും വിനോദ സഞ്ചാര വികസനത്തിനും വലിയ മുതൽകൂട്ടാകുമെന്ന് എം.വി. ഗോവിന്ദൻ എംഎൽഎ പറഞ്ഞു.