തളിപ്പറന്പ് നഗരസഭയിലെ സെക്ഷൻ ക്ലാർക്കിന് സസ്പെൻഷൻ
1597851
Wednesday, October 8, 2025 12:59 AM IST
തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭയിൽ ആക്രിസാധനങ്ങൾ ലേലം ചെയ്തതുമായി ബന്ധപ്പെട്ടുള്ള ക്രമക്കേടിൽ സെക്ഷൻ ക്ലാർക്കിന് സസ്പെൻഷൻ. തളിപ്പറമ്പ് നഗരസഭാ ജീവനക്കാരനായ വി.വി. ഷാജിയെയാണ് അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്ത്.
തദ്ദേശ ജോയിന്റ് ഡയറക്ടർ ഉത്തരവിറക്കിയത്. നഗരസഭയിലെ ആക്രിസാധനങ്ങളുടെ ഇടപാടിൽ ക്രമക്കേട് നടന്നതായുള്ള ആരോപണം വിവിധ കൗൺസിൽ യോഗങ്ങളിൽ വിവാദമുയർത്തിയിരുന്നു. തുടർന്ന് സിപിഎം കൗൺസിലറായ സി.വി. ഗിരീശൻ നൽകിയ പരാതിയിലാണ് നടപടി. 2024ൽ നഗരസഭയ്ക്ക് ഐഎസ്ഒ സർട്ടിഫിക്കറ്റ് ലഭിക്കുന്നതുമായി ബന്ധപ്പെട്ട് ഓഫീസിൽ കെട്ടിക്കിടന്ന ആക്രി സാധനങ്ങൾ ലേലം ചെയ്തു വിൽക്കാൻ നഗരസഭാധ്യക്ഷ ഷാജിയെ ചുമതലപ്പെടുത്തിയിരുന്നു.
എന്നാൽ, ഇവ ലേലം ചെയ്തു നൽകിയപ്പോൾ ലേലക്കാരനിൽ നിന്നു ലഭിക്കേണ്ട മുഴുവൻ തുക ഈടാക്കുന്നതിൽ ഗുരുതരമായ വീഴ്ച ഷാജിക്ക് സംഭവിച്ചുവെന്നും ആക്രി സാധനങ്ങൾ സൂക്ഷിക്കാൻ ഷെഡ് നിർമിച്ചതിൽ കരാറുകൾക്ക് വാടക നൽകേണ്ടിവന്നത് സാമ്പത്തിക നഷ്ടത്തിന് ഇടയാക്കിയെന്നുമാണ് കണ്ടെത്തൽ.