124.95 കോടിയുടെ വികസന പദ്ധതികൾക്ക് ഭരണാനുമതി
1597854
Wednesday, October 8, 2025 12:59 AM IST
കണ്ണൂർ: പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജിന്റെ നവീകരണ പ്രവൃത്തികൾക്കും ട്രോമാ കെയർ ബ്ലോക്ക് നിർമാണത്തിനുമായി കിഫ്ബി ധനസഹായത്തോടെ 124.95 കോടി രൂപയുടെ സമഗ്ര വികസന പദ്ധതികൾക്ക് ആരോഗ്യം, വനിത, ശിശു വികസന വകുപ്പ് ഭരണാനുമതി നല്കി.
ഇതിൽ നവീകരണ പ്രവർത്തനങ്ങൾക്ക് മാത്രമായി 29.78 കോടി രൂപ വകയിരുത്തി. ഇതിന്റെ ഭാഗമായുളള അറ്റകുറ്റപ്പണികൾ അന്തിമഘട്ടത്തിലാണ്. ക്രിട്ടിക്കൽ കെയർ ബ്ലോക്ക് സ്ഥാപിക്കുന്നതിന് 23.75 കോടി, പിജി ഹോസ്റ്റൽ നിർമാണത്തിന് 28.16 കോടി രൂപയുടെയും സമഗ്ര ഭരണാനുമതി ലഭിച്ചു.
രണ്ടാംഘട്ട പ്രവൃത്തികൾക്ക് മൂന്ന് കോടി രൂപ അനുവദിച്ചു. മരുന്ന് ലഭ്യത ഉറപ്പാക്കുന്നതിന് 19 കോടി രൂപയാണ് 2025-26 വർഷത്തെ കെഎംഎസ്സിഎൽ വഴി അനുവദിച്ചത്. മെഡിക്കൽ കോളജിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഭാഗമായി നിരവധി പ്രവൃത്തികൾ പുരോഗമിക്കുകയാണ്.
ആറു കോടി രൂപയുടെ പാരാമെഡിക്കൽ ഹോസ്റ്റൽ, ഫാർമസി കോളജ് ക്ലാസ് റൂം, പരീക്ഷാ ഹാൾ റൂഫിംഗ് പ്രവൃത്തി, 2.5 കോടി രൂപ ചെലവിൽ ലേഡീസ് ഹോസ്റ്റൽ, ജെന്റ്സ് ഹോസ്റ്റൽ, ഫാർമസി കോളജ് എന്നിവയുടെ നവീകരണം പൂർത്തിയായി. അംഗപരിമിതർക്കുളള റാന്പ് നിർമാണത്തിന് 18 ലക്ഷവും പോസ്റ്റ് ഗ്രാജ്വേറ്റ് ഹോസ്റ്റലിന് രണ്ട് കോടി രൂപയും അനുവദിച്ചിട്ടുണ്ട്. രോഗികളുടെ കൂട്ടിരുപ്പുകാർക്ക് താമസിക്കുന്നതിന് ഹൗസിംഗ് ബോർഡ് ആശ്വാസഭവന നിർമാണ പദ്ധതിയുടെ കെട്ടിട നിർമാണവും പുരോഗമിക്കുകയാണ്.
ഡിജിറ്റൽ റേഡിയോഗ്രാഫി, ഹാർട്ട് ലംഗ് മെഷീൻ, കാത്ത് ലാബ്, അനസ്തേഷ്യ വർക്ക് സ്റ്റേഷൻ, വെന്റിലേറ്റർ തുടങ്ങിയ പ്രധാനപ്പെട്ട ഉപകരണങ്ങൾ വാങ്ങുന്നതിന് 10.59 കോടി രൂപയും മെഷീനു കളും മറ്റ് അനുബന്ധ ഉപകരണങ്ങളും വാങ്ങുന്നതിന് 26.50 കോടിയും അനുവദിച്ചിട്ടുണ്ട്. പുതിയ എംആർഐ മെഷീൻ സ്ഥാപിക്കുന്നതിന് 13.74 കോടി യുടെ ഭരണാനുമതിയും ലഭ്യമായി.