തേനീച്ചയുടെ ആക്രമണം; രണ്ടുപേർക്ക് കുത്തേറ്റു
1598604
Friday, October 10, 2025 7:58 AM IST
ഉളിക്കൽ : ഉളിക്കല്ലിനടുത്ത് വയത്തൂരിൽ വൻതേനീച്ചയുടെ ആക്രമണത്തിൽ രണ്ടു പേർക്കും രണ്ട് പശുക്കൾക്കും പരുക്കേറ്റു. പരിക്കളത്തെ ചക്കോത്ത്ഞാലിൽ രവീന്ദ്രൻ, ഇടപ്പറമ്പിൽ അഭിരാം എന്നിവർക്കും രവീന്ദ്രന്റെ രണ്ട് വളർത്തു പശുക്കൾക്കുമാണ് തേനീച്ചക്കുത്തേറ്റത്. ഇരിട്ടിയിൽ നിന്ന് അഗ്നിരക്ഷാ സേന സ്ഥലത്തെത്തി.
ഇന്നലെ രാവിലെ10 ഓടെ ആയിരുന്നു സംഭവം. രവീന്ദ്രന്റെ വീട്ടിന് സമീപത്തെ മരത്തിൽ കൂടു കൂട്ടിയിരുന്ന വൻതേനീച്ച ഇളകി പറമ്പിൽ മേയുകയായിരുന്നു രണ്ട് പശുക്കളെയും രവീന്ദ്രനെയും അയൽവാസി അഭിരാമിനെയും ആക്രമിക്കുകയായിരുന്നു.
ഓടി രക്ഷപെട്ട രവീന്ദ്രനും അഭിരാമും ഉളിക്കല്ലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. പശുക്കളെ കെട്ടിയിട്ടതിനാൽ ഈച്ചകളുടെ കുത്തേറ്റ് അവശരായി. മൃഗാശുപത്രിയിൽ നിന്ന് ഡോക്ടർ എത്തി ചികിത്സ നൽകി.
അസി. സ്റ്റേഷൻ ഓഫീസർ ബെന്നി ദേവസ്യ, ഫയർ ഓഫീസർ കെ. ഷിബു, ഇ.ജെ. മത്തായി, പി.കെ. രാജേഷ്, കെ.പി. ആഷിഖ് എന്നിവരുടെ നേതൃത്വത്തിലുള്ള ഫയർ ഫോഴ്സ് സംഘമാണ് രക്ഷാ പ്രവർത്തനത്തിന് എത്തിയത്.