സിബിഎസ്ഇ സഹോദയ കലോത്സവം : ഇന്ന് കൊടിയിറക്കം; കണ്ണൂർ ചിന്മയ മുന്നിൽ
1598754
Saturday, October 11, 2025 1:48 AM IST
ശ്രീകണ്ഠപുരം: മേരിഗിരി ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നടന്നുവരുന്ന സിബിഎസ് ഇ സഹോദയ കണ്ണൂർ ജില്ലാ കലോത്സവം ഇന്ന് സമാപിക്കും. കലാമേളയിൽ സ്റ്റേജ് ഇതര മത്സരങ്ങൾ പുരോഗമിക്കുമ്പോൾ 606 പോയിന്റുമായി കണ്ണൂർ ചിന്മയ വിദ്യാലയ ഒന്നാംസ്ഥാനത്ത് മുന്നേറുന്നു. 572 പോയിന്റുമായി ശ്രീകണ്ഠപുരം മേരിഗിരി ഇംഗ്ലീഷ് മീഡിയം സ്കൂളും 513 പോയിന്റുമായി കണ്ണൂർ ഉർസുലൈൻ സീനിയർ സെക്കൻഡറി സ്കൂളും രണ്ടും മൂന്നും സ്ഥാനങ്ങളിലുണ്ട്. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന കലോത്സവം ഇന്ന് രാത്രിയോടെ സമാപിക്കും
മാർഗംകളിയിൽ മേരിഗിരി
ശ്രീകണ്ഠാപുരം: പൊതുവിഭാഗം മാർഗംകളി മത്സരത്തിൽ ആധിപത്യം വിട്ടുകൊടുക്കാതെ മേരിഗിരി സ്കൂൾ ഒന്നാംസ്ഥാനവും സംസ്ഥാന തലത്തിൽ മത്സരിക്കാനും യോഗ്യതയും നേടി. മിഷേൽ മോഹൻ, ചെൽസിയ ജോസഫ്, അലീന മനോജ്, അമിഷ അന്ന സുനിൽ, അദീന എലിസബത്ത്, ദിയാ ഷനോജ്, ജീവ തെരേസാ ജയ്സൺ എന്നിവരാണ് മാർഗംകളി സംഘത്തിൽ ഉണ്ടായിരുന്നത്. പയ്യാമ്പലം സ്വദേശിയായ മിഷേൽ മോഹൻ നേരത്തെ സെന്റ് തെരേസാസിലെ വിദ്യാർഥിയിരുന്നപ്പോഴും മാർഗംകളിയിൽ വിജയം കരസ്ഥമാക്കിയിരുന്നു.
ദിവസവും ചിട്ടയോടെയുളള പരിശീലനം തുടരുകയാണ്. സംസ്ഥാനമത്സരത്തിൽ മിന്നുന്ന പ്രകടനം കാഴ്ചവയ്ക്കാനുള്ള തയാറെടുപ്പിലാണ് വിദ്യാർഥികൾ. അധ്യാപകരായ അർപ്പിത ബിജുവാണ് മാർഗംകളിയുടെ പരിശീലക. കൂടാതെ സോണില തോമസ്, ജയ്മി എലിസബത്ത് എന്നീ അധ്യാപകരും സഹായത്തിനുണ്ടായിരുന്നു.
ലളിതഗാനത്തിൽ തിളങ്ങി
റിയാലിറ്റി ഷോയിലെ സാനിദ്യ
ശ്രീകണ്ഠപുരം: ഹൈസ്കൂൾ വിഭാഗം ലളിതഗാനത്തിൽ ഒന്നാംസ്ഥാനം ലഭിച്ചത് റിയാലിറ്റി ഷോ താരമായ സാനിദ്യക്ക്. പയ്യന്നൂർ ഐഎസ്ഡി സീനിയർ സെക്കൻഡറി സ്കൂൾ ഒന്പതാം ക്ലാസ് വിദ്യാർഥിനിയാണ്. കണ്ടോത്തെ സന്തോഷ് -രഞ്ചിത ദമ്പതികളുടെ രണ്ടാമത്തെ മകൾ. മഴവിൽ മനോരമ സൂപ്പർ 4, അമൃത ടിവി സൂപ്പർസ്റ്റാർ എന്നീ മ്യൂസിക് റിയാലിറ്റി ഷോ ഫെയിം ആണ്. കഴിഞ്ഞ സഹോദയ ശാസ്ത്രീയ സംഗീത മത്സരങ്ങളിൽ ഹാട്രിക്കോടെ ഒന്നാംസ്ഥാനം കരസ്ഥമാക്കി. ബ്ലഡ് ഡോണേർസ് കേരളാ മികച്ച ബാലികാ പുരസ്കാരം, ബാലസംഗീത പ്രതിഭാ പുരസ്കാരം, കലാഭാരതം കലാസാഹിത്യ കേരളം വയലാർ പാരിജാതം രാഗശ്രീ പുരസ്കാരം തുടങ്ങിയ ലഭിച്ചിട്ടുണ്ട്.