തളിപ്പറന്പ് തീപിടിത്തം : ഷോപ്പിംഗ് കോംപ്ലക്സ് അസ്ഥിപഞ്ജരം
1598752
Saturday, October 11, 2025 1:48 AM IST
തളിപ്പറമ്പ്: തളിപ്പറന്പിനെ കണ്ണീരിലാഴ്ത്തിയ തീപിടിത്തത്തില്‍ 40 കോടിയുടെ നഷ്ടം സംഭവിച്ചതായി വ്യാപാരികൾ. കെട്ടിട ഭാഗങ്ങളും സാധനങ്ങളും കത്തിനശിച്ച് അസ്ഥിപഞ്ജരം പോലെയായ ദേശീയപാതയിലെ കെ.വി. ഷോപ്പിംഗ് കോംപ്ലക്സിന്റെ ദൃശ്യം കരളലിയിപ്പിക്കും.
വ്യാഴാഴ്ച വൈകുന്നേരം 4.55ഓടെയാണ് കോംപ്ലക്സിലെ കടകളില്‍ അഗ്നിബാധയുണ്ടായത്. മാക്സ്ട്രോ ഫൂട്വെയറിന്റെ നെയിം ബോര്‍ഡിലാണ് ആദ്യം തീ കണ്ടത്. നിമിഷങ്ങള്‍ക്കുള്ളില്‍ കോംപ്ലക്സിലെ ബഹുഭൂരിപക്ഷം കടകളിലേക്കും പടർന്ന തീ രാത്രി 11 ഓടെയാണ് നിയന്ത്രണവിധേയമാക്കാൻ കഴിഞ്ഞത്.
112 മുറികളാണ് ഷോപ്പിംഗ് കോംപ്ലക്സിലുള്ളത്. അതില്‍ 101 മുറികള്‍ക്കും നാശനഷ്ടം സംഭവിച്ചു. 33 ഉടമസ്ഥരുടെ കടകള്‍ക്കാണ് ഒന്നും അവശേഷിക്കാത്തവിധം നാശനഷ്ടമുണ്ടായത്. ഭൂരിപക്ഷം കടകള്‍ക്കും തീപിടിച്ചാണ് നഷ്ടം സംഭവിച്ചത്. രക്ഷാപ്രവര്‍ത്തനത്തിന് വെള്ളം ചീറ്റിച്ചത് ഒഴുകിയെത്തിയും ചില കടകളിലെ സാധനങ്ങൾ മുഴുവന്‍ നശിച്ചു. ഗൃഹോപകരണ സാധനങ്ങള്‍ വിൽക്കുന്ന ഷാലിമാര്‍ സ്റ്റോറിനാണ് ഏറ്റവുമധികം നഷ്ടം സംഭവിച്ചത്. ഷാലിമാര്‍ സ്റ്റോറിന് ഗോഡൗണുകള്‍ ഉള്‍പ്പെടെ കോംപ്ലക്സില്‍ 22 മുറികളാണുള്ളത്. അവ മുഴുവന്‍ എരിഞ്ഞടങ്ങി. രണ്ട് കോടിയിലധികം രൂപയുടെ നഷ്ടം കണക്കാക്കുന്നു
മാക്സ്ട്രോ ഫൂട്വെയര് (നാല് മുറി), ഫണ്‍സിറ്റി ടോയ്സ് (രണ്ട് മുറി), മില്‍മ ബൂത്ത്, വുമന്‍സ് ഗാലറി, കളേഴ്സ് റെഡിമെയ്ഡ്, ടോപ്പ്വേള്ഡ് റെഡിമെയ്ഡ്, മൊബൈല്‍ സോണ്‍, അല്ഫ ഫൂട്വെയര്, സൂറത്ത് ഗ്രോസറി സ്റ്റോര്‍, ടോപ്പ്വേള്ഡ് (രണ്ട് മുറി), രാജധാനി സൂപ്പര്‍ മാര്‍ക്കറ്റ് (ആറ് മുറി), ക്ലാസിക്ക് ഫാന്‍സി, മൊബൈല്‍ പാര്‍ക്ക്, ടോയി ഷോപ്പ് (അഞ്ച് മുറി), ടൂള്‍ ആൻഡ് ബോള്‍ട്ട് ഷോപ്പ്, ചിത്രപ്രഭ ജ്വല്ലറി, ദി റോക്ക്, സോപ്പ് കട, ബോയ്സോണ്‍ (നാല് കട), സര്‍ഗചിത്ര സ്റ്റുഡിയോ, തയ്യല്‍ കട (രണ്ട് ഷോപ്പ്), അഞ്ജലി ബ്യൂട്ടി, റൊമാന്റിക് ലേഡീസ് ഇന്നര്‍വെയര്‍, ജയ ഫാഷന്‍ ജ്വല്ലറി, കെവിഎം ടി സ്റ്റാള്‍, ചൈനീസ് ഹോട്ടല്‍, ബോയ്സോണ്‍ ഷോപ്പ് (നാല് മുറി), ജാസ് ബോഡികെയര്‍, കോര്‍ണർ വ്യൂ ഷോപ്പിന്റെ ഗോഡൗണ്‍, സാജ് മെഡിക്കല്‍സ് ഗോഡൗണ്‍ തുടങ്ങിയ സ്ഥാപനങ്ങളാണ് പൂര്‍ണമായും കത്തിനശിച്ചത്.
വകുപ്പുകൾ സംയുക്ത
പരിശോധന നടത്തി
തളിപ്പറമ്പ്: അഗ്നിബാധയില്‍ നശിച്ച വ്യാപാര സ്ഥാപനങ്ങള്‍ വിവിധ വകുപ്പ് മേധാവികളുടെ നേതൃത്വത്തില്‍ പരിശോധന നടത്തി. റവന്യൂ, പോലീസ്, ഫോറന്‍സിക്, ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ്, ഫയര്‍ഫോഴ്സ് എന്നീ വകുപ്പുകള്‍ സംയുക്തമായാണ് പരിശോധന നടത്തിയത്. രാവിലെ 9.30 ന് ആരംഭിച്ച പരിശോധനയില്‍ അഗ്നിബാധയുടെ കാരണം, നാശനഷ്ടം തുടങ്ങിയ കാര്യങ്ങളും വിലയിരുത്തി. അഗ്നിബാധയില്‍ നശിച്ച കടകള്‍ ഉടമകളുടെ സാന്നിധ്യത്തില്‍ പോലീസ് പരിശോധിച്ച് മഹസര്‍ തയാറാക്കി. ഫോറന്‍സിക് വിദഗ്ധര്‍ ദുരന്ത സ്ഥലത്തുനിന്ന് സാന്പിളുകള്‍ ശേഖരിച്ചു. വിവിധ വകുപ്പുകളുടെ റിപ്പോര്‍ട്ടുകള്‍ വിലയിരുത്തി സർക്കാരിലേക്ക് സമർപ്പിക്കും.
വ്യാഴാഴ്ച രാത്രി തളിപ്പറമ്പ് ഡിവൈഎസ്പി കെ.ഇ. പ്രേമചന്ദ്രന്, സിഐ പി ബാബുമോന്, പ്രിന്‍സിപ്പല്‍ എസ്ഐ ദിനേശന് കൊതേരി, എസ്ഐ കെ.വി സതീശന് എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് സംഘവും ഒരു ഫയർഫോഴ്സ് യൂണിറ്റും സ്ഥലത്ത് ഉണ്ടായിരുന്നു.