നഷ്ടപരിഹാരം വൈകുന്നതിനെതിരെ ഭൂവുടമകൾ പ്രക്ഷോഭത്തിലേക്ക്
1598728
Saturday, October 11, 2025 1:47 AM IST
മട്ടന്നൂർ: ഐടി-വ്യവസായ പാർക്കിന് കിൻഫ്ര മുഖേന ഏറ്റെടുക്കുന്ന സ്ഥലത്തിന്റെ നഷ്ടപരിഹാരത്തുക വൈകുന്നതിനെതിരെ ഭൂവുടമകൾ സമരത്തിലേക്ക്. പനയത്താംപറമ്പ്, മുടക്കണ്ടി, കീഴല്ലൂർ പ്രദേശങ്ങളിലായാണ് 500 ഏക്കറോളം സ്ഥലമേറ്റെടുക്കുന്നത്.
2019ൽ വിഞ്ജാപനം പുറപ്പെടുവിക്കുകയും മൂല്യനിർണയം ഉൾപ്പടെയുള്ള നടപടികൾ പൂർത്തിയാക്കുകയും ചെയ്തിരുന്നു. സ്ഥലമെടുപ്പിന്റെ ഒന്നും രണ്ടും ഘട്ടങ്ങളിൽ നഷ്ടപരിഹാരം നൽകുകയും ചെയ്തു. മൂന്നാംഘട്ടത്തിൽ പണം അനുവദിക്കുന്നതാണ് അനിശ്ചിതമായി വൈകുന്നത്.
സ്ഥലത്തിന്റെ രേഖകൾ ഭൂവുടമകളിൽ നിന്ന് വാങ്ങി എട്ടു മാസം കഴിഞ്ഞിട്ടും പണം നൽകുന്നില്ലെന്നാണ് പരാതി. ഇതിനെതിരെ കഴിഞ്ഞ ദിവസം ഭൂവുടമകളുടെ നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്മ രൂപവൽക്കരിച്ചിരുന്നു.
അഞ്ചരക്കണ്ടി, പടുവിലായി, കീഴല്ലൂർ വില്ലേജുകളിലായി 841 പേരുടെ സ്ഥലമാണ് പദ്ധതിക്കായി ഏറ്റെടുക്കുന്നത്. ഭൂരിഭാഗവും കീഴല്ലൂർ വില്ലേജ് പരിധിയിലാണ്. കിടപ്പുരോഗികളും കുട്ടികളുടെ വിദ്യാഭ്യാസത്തിനും വിവാഹത്തിനുമായി വായ്പയെടുത്തവരും ഇക്കൂട്ടത്തിലുണ്ട്. പലരും ജപ്തിഭീഷണിയും നേരിടുന്നു. എത്രയും വേഗം ഏറ്റെടുക്കുന്ന സ്ഥലത്തിന്റെ നഷ്ടപരിഹാരത്തുക ലഭ്യമാക്കണമെന്നാണ് ഇവരുടെ ആവശ്യം. അതേ സമയം സ്ഥലമേറ്റെടുക്കൽ നടപടികൾ പുരോഗമിക്കുകയാണെന്നാണ് കിൻഫ്ര അധികൃതർ പറയുന്നത്.
ഭൂമിയുടെ വിലനിർണയത്തിൽ അപാകത ആരോപിച്ച് കഴിഞ്ഞ വർഷവും ഭൂവുടമകൾ പ്രതിഷേധിച്ചിരുന്നു. ചെങ്കൽ ഖനനം മൂലം മൂല്യശോഷണം വന്ന ഭൂമിയെന്ന് വിലയിരുത്തി ന്യായമായ തുക അനുവദിച്ചില്ലെന്നായിരുന്നു പരാതി.
പനയത്താംപറമ്പ്, തറമ്മൽ ഭാഗങ്ങളിൽ ചെങ്കൽ ഖനനം നടന്ന സ്ഥലങ്ങൾ ചൂണ്ടിക്കാട്ടിയാണ് മൂല്യശോഷണം വന്ന ഭൂമിയെന്ന് പറഞ്ഞ് കുറഞ്ഞവില നിശ്ചയിച്ചത്. എന്നാൽ, 25 വർഷം മുമ്പ് നടന്ന ഖനനത്തിന് ശേഷം സാധാരണ നിലയിലേക്ക് സ്ഥലങ്ങൾ മാറിയെന്നും 200 ഓളം കുടുംബങ്ങൾ കൃഷി ചെയ്ത് താമസിച്ചുവരുന്ന സ്ഥലമാണെന്നും ഭൂവുടമകൾ പറയുന്നു. പ്രശ്നത്തിൽ മുഖ്യമന്ത്രിക്ക് ഉൾപ്പടെ പരാതി നൽകിയിരുന്നു.