ചലച്ചിത്രമേളയ്ക്ക് കാമ്പസിലെ യുവതയെ ക്ഷണിച്ച് താരങ്ങൾ
1597848
Wednesday, October 8, 2025 12:59 AM IST
കണ്ണൂർ: തലശേരി അന്താരാഷ്ട്ര ചലച്ചിത്രമേളയിലേക്ക് കാമ്പസിലെ യുവതയെ ക്ഷണിച്ച് താരങ്ങൾ. 16, 17, 18, 19 തീയതികളിൽ പൈതൃക നഗരിയിൽ നടക്കുന്ന തലശേരി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന്റെ (ടിഫ് 2025) പ്രചാരണാർഥം ചലച്ചിത്ര താരങ്ങളായ ആശ അരവിന്ദ്, ഗീതി സംഗീതിക എന്നിവർ തലശേരി എൻജിനിയറിംഗ് കോളജിൽ വിദ്യാർഥികളുമായി സംവദിച്ചു. തുടർന്ന് ഫെസ്റ്റിവൽ രജിസ്ട്രേഷൻ ഡിസ്പ്ലേ ബോർഡിന്റെ പ്രകാശനവും നിർവഹിച്ചു.
തലശേരി ലിബർട്ടി തിയേറ്റർ സമുച്ചയത്തിലാണ് മേള നടക്കുക. 31 അന്താരാഷ്ട്ര സിനിമകളും 10 ഇന്ത്യൻ സിനിമകളും 14 മലയാള സിനിമകളുമടക്കം 55 സിനിമകൾ നാല് ദിവസങ്ങളിലായി പ്രദർശിപ്പിക്കും. സിനിമാതാരം കുക്കു പരമേശ്വരൻ ഇന്ന് കൂത്തുപറമ്പ് നിർമലഗിരി കോളജിലും മട്ടന്നൂർ പഴശി രാജാ എൻഎസ്എസ് കോളജിലും സന്ദർശനം നടത്തും. ഒന്പതിന് നടൻ സന്തോഷ് കീഴാറ്റൂർ പാലയാട് യൂണിവേഴ്സിറ്റി കോളജ് കാമ്പസിലും ഗവ. ബ്രണ്ണൻ കോളജിലുമെത്തും.10 ന് സിബി തോമസ് തോട്ടട എസ്എൻ കോളജും ചൊക്ലി കോടിയേരി ബാലകൃഷ്ണൻ സ്മാരക കോളജും സന്ദർശിക്കും.