തീപിടിത്തം അത്യന്തം വേദനാജനകം, സർക്കാർ സാമ്പത്തിക സഹായം അനുവദിക്കണം: വ്യാപാരി വ്യവസായി സമിതി
1598747
Saturday, October 11, 2025 1:48 AM IST
കണ്ണൂർ: തളിപ്പറമ്പിലെ എൻപതിലധികം വ്യാപാര സ്ഥാപനങ്ങളാണ് തീപ്പിടുത്തത്തിൽ ഇല്ലാതായത്.ജില്ലയിൽ തന്നെ ഏറ്റവും വലിയ ഒരു അഗ്നിബാധയാണ് തളിപ്പറമ്പിൽ ഉണ്ടായതെന്ന് വ്യാപാരി വ്യവസായി സമിതി നേതാക്കൾ പറഞ്ഞു. നിരവധി സ്ഥപനങ്ങൾ പൂർണമായും കത്തിയമർന്നു.
നഷ്ടപ്പെട്ട വ്യാപാരികൾക്ക് പ്രത്യേക പാക്കേജ് നടപ്പിലാക്കി സംരക്ഷിക്കാൻ സർക്കാർ അടിയന്തര മായി ഇടപെടണമെന്നും സമിതി നേതാക്കൾ ആവശ്യപ്പെട്ടു.
സംഭവസ്ഥലം സമിതി നേതാക്കളായ വി. ഗോപിനാഥ് പി.എം. സുഗുണൻ, പി. വിജയൻ, കെ.വി. ഉണ്ണികൃഷ്ണൻ, കെ.എം. അബ്ദുൾ ലത്തീഫ്, ഇ. സജീവൻ, ടി.സി. വിത്സൻ, കെ. പങ്കജവല്ലി, ജയശ്രീ കണ്ണൻ, കെ.വി. മനോഹരൻ തുടങ്ങിയവർ സന്ദർശിച്ചു.
വ്യാപാരി വ്യവസായി ഏകോപന സമിതി
രണ്ടു കോടി രൂപ നൽകും
തളിപ്പറമ്പ്: തീപിടിത്തത്തിൽ ദുരിതത്തിലായ വ്യാപാരികളെ നേഞ്ചോട് ചേർത്ത് വ്യാപാരി വ്യവസായി ഏകോപന സമിതി. ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ രണ്ടുകോടി രൂപ സ്വരൂപിച്ച് നഷ്ടപരിഹാരമായി വ്യാപാരികൾക്ക് വിതരണം ചെയ്യും. ആദ്യഘട്ടം അമ്പത് ലക്ഷം രൂപ നൽകുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി ദേവസ്യ മേച്ചേരി പത്രസമ്മേളനത്തിൽ അറിയിച്ചു.
ഞങ്ങളുടേതല്ലാത്ത കാരണം കൊണ്ട് സംഭവിച്ച അപകടത്തിൽ 40 കോടിയുടെ നഷ്ടം ഉണ്ടായതായാണ് വിലയിരുത്തുന്നത്.
സർക്കാർ പ്രത്യേക പാക്കേജ് അനുവദിച്ച് വ്യാപാരികളെ സഹായിക്കണം. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി, വൈദ്യുതി മന്ത്രി, തളിപ്പറമ്പ് എംഎൽഎ എന്നിവർക്ക് നിവേദനം നൽകും.
വ്യാപാരികളെ സഹായിക്കണമെന്നും ദേവസ്യ മേച്ചേരി പറഞ്ഞു. പി. ബാഷിത്, എം.പി തിലകൻ, ജോജിൻ ടി. ജോയ്, കെ. വിജയകുമാർ, ഉസ്മാൻ, കെ.എസ്. റിയാസ് തുടങ്ങിയവർ പങ്കെടുത്തു.