ചെങ്കല്ലുമില്ല, കരിങ്കല്ലുമില്ല: നിർമാണമേഖല പ്രതിസന്ധിയിൽ
1597852
Wednesday, October 8, 2025 12:59 AM IST
പെരുമ്പടവ്: മലയോര മേഖലകളിലെ ചെങ്കൽ, കരിങ്കൽ ക്വാറികൾ വിവിധ കാരണങ്ങളാൽ അടച്ചു പൂട്ടൽ ഭീഷണിയിലായതോടെ നിർമാണ മേഖല കടുത്ത പ്രതിസന്ധിയിൽ. ചെങ്കൽ ക്വാറികൾ പലതും ദേവസ്വം ബോർഡിന്റെ സ്ഥലങ്ങൾ കൈയേറിയാണ് പ്രവർത്തിക്കുന്നത്. കരിങ്കൽ ക്വാറികളുടെ പ്രവർത്തനമാകട്ടെ പ്രദേശവാസികളുടെ കടുത്ത എതിർപ്പും നേരിടുകയാണ്.
ജില്ലാ ഭരണകൂടവും ജിയോളജി വകുപ്പും ശക്തമായ നിലപാട് സ്വീകരിച്ചതോടെ പലതും അടച്ചു പൂട്ടേണ്ടതായും വന്നു. മലയോര മേഖലയിൽ ഇപ്പോൾ നാമമാത്രമായ ക്വാറികൾ മാത്രമാണ് പ്രവർത്തിക്കുന്നത്. ഇതോടെ ഇവർ നിശ്ചയിക്കുന്നത് പോലെയാണ് ചെങ്കല്ലിന്റേയും മെറ്റൽ, എം സാൻഡ്, പീ സാൻഡ് എന്നിവയുടെയും വില.
മുൻ വർഷങ്ങളിൽ ചെങ്കല്ലിന്റേയും കരിങ്കൽ ഉത്പന്നങ്ങളുടെയും വില വർധിച്ചപ്പോൾ നാട്ടുകാർ ഇടപെട്ടതിനെത്തുടർന്ന് കളക്ടറുടെ നേതൃത്വത്തിൽ വില നിയന്ത്രണ സമിതി രൂപീകരിച്ചിരുന്നു. എന്നാൽ ഇപ്പോൾ അതും നിശ്ചലമാണ്. ക്വാറി ഉത്പന്നങ്ങളുടെ ക്വാളിറ്റി പരിശോധിക്കുന്നതിനും വിലകൾ നിശ്ചയിക്കുന്നതിനും ശക്തമായ സമിതി രൂപീകരിച്ച് പ്രവർത്തിക്കണമെന്നാണ് ലെൻസ്ഫെഡ് എൻജിനിയേഴ്സ് ആൻഡ് സൂപ്പർ വൈസേ ഴ്സ് ഫെഡറേഷന്റെ ആവശ്യം.
രണ്ടാഴ്ചയ്ക്കുള്ളിൽ ചെങ്കല്ലിന്റെ വില രണ്ടുപ്രാവശ്യമായി 30 ശതമാനത്തോളം വർധിച്ചിട്ടുണ്ട്. കരിങ്കൽ ഉത്പന്നങ്ങൾക്ക് ഓരോ മേഖലയിലും പല വിലയാണ് ഈടാക്കുന്നത്. മുന്പ് വർഷത്തിൽ ഒരു തവണയാണ് വില വർധിച്ചിരുന്നതെങ്കിൽ ഇപ്പോൾ ആഴ്ചയിൽ തന്നെ പല പ്രാവശ്യം വില മാറുന്ന സ്ഥിതിയാണുള്ളത്. വീടുകളും കെട്ടിടങ്ങളും പണിയുന്ന ഉടമസ്ഥരും കോൺട്രാക്ടർമാരും ഇതുമൂലം ഏറെ ദുരിതം അനുഭവിക്കുകയാണ്. പണി ആരംഭിക്കുമ്പോൾ നിശ്ചയിക്കുന്ന ബജറ്റ് പൂർണമായും താളം തെറ്റുന്നു.
ഇതോടെ പല കെട്ടിടങ്ങളുടെയും പണി പൂർത്തീകരിക്കാൻ കഴിയാത്ത അവസ്ഥയാണ്.
കോൺട്രാക്ടർമാർക്കും ഒരു നിശ്ചിത തുക പറഞ്ഞ് വർക്ക് എടുക്കാൻ കഴിയാത്ത സാഹചര്യമാണുള്ളത്. ജിഎസ്ടിയിൽ കുറവ് വരുത്തിയപ്പോൾ സിമന്റിനും കമ്പിക്കും വില കുറഞ്ഞിരുന്നുവെങ്കിലും ദിവസങ്ങൾക്കുള്ളിൽ വീണ്ടും പഴയ വിലയിലേക്ക് എത്തിയിരിക്കുകയാണ്. ജനങ്ങൾ പഴയ വിലയോട് പൊരുത്തപ്പെട്ടതിനാൽ വ്യാപാരികൾ ഇത് മുതലെടുത്തതാണ് ജിഎസ്ടിയുടെ കുറവ് ജനങ്ങൾക്ക് ഉപകാരപ്പെടാതിരിക്കാൻ കാരണമായത്.
കാലവർഷം നേരത്തെ തുടങ്ങിയതിനാൽ റോഡ് പണി പല മേഖലകളിലും സ്തംഭിച്ചിരുന്നു. മെറ്റൽ ക്ഷാമം മൂലം റോഡ് പണിയും പുനരാരംഭിക്കാൻ സാധിക്കുന്നില്ലെന്ന് പിഡബ്ല്യുഡി കോൺട്രാക്ടർ മാരും പറയുന്നു. ഇതോടൊപ്പം കഴിഞ്ഞ കുറെ നാളുകളായി നിർമാണ മേഖല സ്തംഭിച്ചു നില്ക്കുന്നതിനാൽ അന്യസംസ്ഥാന തൊഴിലാളികൾ പലരും നാട്ടിലേക്ക് തിരിച്ചുപോയി. ഇതോടെ തൊഴിലാളിക്ഷാമവും രൂക്ഷമാണ്.