ഇരിക്കൂര്‍ കാര്‍ഷിക പദ്ധതിക്ക് 5.74 കോടിയുടെ അംഗീകാരം
1598626
Friday, October 10, 2025 8:00 AM IST
കരുവഞ്ചാൽ : ഇരിക്കൂര്‍ നിയോജക മണ്ഡലത്തിലെ സമഗ്ര കാര്‍ഷിക വികസന പദ്ധതിയുമായി ബന്ധപ്പെട്ട് 5.74 കോടിയുടെ പദ്ധതിക്ക് അംഗീകാരം ലഭിച്ചതായി സജീവ് ജോസഫ് എംഎല്‍എ അറിയിച്ചു. സ്ഥലം ലഭ്യമായാല്‍ കാര്‍ഷിക ഉത്പന്നങ്ങളുടെ സംഭരണം, സംസ്കരണം, വിപണനം എന്നിവയ്ക്കായുള്ള കോമണ്‍ ഫെസിലിറ്റേഷന്‍ സെന്റര്‍ സ്ഥാപിക്കുന്നതിന് ധാരണയായി.
മണ്ഡലത്തിലെ കാര്‍ഷിക വികസനവുമായി ബന്ധപ്പെട്ട് മന്ത്രി പി. പ്രസാദിന്റെ അധ്യക്ഷയില്‍ തിരുവനന്തപുരത്ത് ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് പദ്ധതികള്‍ക്ക് അംഗീകാരമായത്.
ഇരിക്കൂർ മണ്ഡലത്തിലെ സമഗ്ര കാർഷിക വികസന പദ്ധതി ദീർഘകാല ദൗത്യമാണെന്നും മൂല്യവർധിത കാർഷിക സംരംഭം രൂപപ്പെടുത്തുകയാണ് പദ്ധതിയുടെ മുഖ്യദൗത്യമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
കവുങ്ങ് കൃഷി വികസനത്തിന് 46.73 ലക്ഷവും സുഗന്ധ വ്യഞ്ജനവിളകളുടെ വികസനത്തിന് 30 ലക്ഷവും കശുമാവ് കൃഷി വികസനത്തിനും കശുമാവ് അധിഷ്ഠിത മൂല്യവര്‍ധിത യൂണിറ്റുകള്‍ക്കും 1.14 കോടിയും ഫല ഔഷധ സസ്യ വികസനത്തിന് 78 ലക്ഷം രൂപയും കാര്‍ഷിക ഉത്പന്നങ്ങള്‍ സംസ്കരിച്ച് മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ ആക്കുന്നതിന് 48 ലക്ഷവും ഉത്പന്നങ്ങളുടെ വിപണന സൗകര്യം മെച്ചപ്പെടുത്തുന്നതിന് 57 ലക്ഷവും വകയിരുത്തി.
വന്യമൃഗശല്യം ചെറുക്കുന്നതിനുള്ള പദ്ധതികള്‍ക്ക് 1.94 കോടി രൂപയുടെ പദ്ധതി ആവിഷ്ക്കരിച്ചു. ഉദയഗിരി, ആലക്കോട്, നടുവില്‍ പഞ്ചായത്തുകളില്‍ ഫെന്‍സിംഗ് സംവിധാനം പൂര്‍ണമാക്കും. സസ്യ ആരോഗ്യ ക്ലിനിക്കുകള്‍ക്ക് 5 ലക്ഷം രൂപയും അനുവദിച്ചു. ആകെ 5.74 കോടി രൂപയുടെ പദ്ധതികളാണ് അംഗീകരിച്ചത്. കൂണ് ഗ്രാമം പദ്ധതിക്ക് 30.25 ലക്ഷം അനുവദിച്ചിരുന്നു.
കര്‍ഷകരെ നേരിട്ടും പരോക്ഷമായും ബാധിയ്ക്കുന്ന പ്രശ്നങ്ങൾ പരിഹരിച്ചു മുന്നോട്ടു പോകാനുള്ള പദ്ധതികള്‍ക്ക് മുഖ്യ പരിഗണന നല്‍കുമെന്നും നിയോജക മണ്ഡലത്തിലെ കാര്‍ഷിക മേഖലയെ നയിക്കുന്നതിനുള്ള കര്‍മ പദ്ധതികള്‍ തുടരുമെന്നും എംഎല്‍എ പറഞ്ഞു.യോഗത്തില്‍ കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബി. അശോക്, കൃഷി വകുപ്പ് ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമന് തുടങ്ങിയവര്‍ പങ്കെടുത്തു.