വയോധികനെ നടുറോഡിലിട്ട് തല്ലി, വധഭീഷണിയും; യുവാക്കൾക്കെതിരേ കേസെടുത്തു
1597853
Wednesday, October 8, 2025 12:59 AM IST
കണ്ണൂർ: അഴീക്കലിൽ വയോധികനെ റോഡിലിട്ടു മർദിച്ച യുവാക്കൾക്കെതിരേ കേസ്. റോഡിൽ കാർ നിർത്തിയതുമായി ബന്ധപ്പെട്ട തർക്കമാണ് മർദനത്തിൽ കലാശിച്ചതെന്നാണ് വിവരം. വയോധികൻ റോഡിൽ കാർ നിർത്തിയത് യുവാക്കൾ ചോദ്യം ചെയ്തു. തർക്കത്തിനിടെ യുവാക്കളെ വയോധികൻ അസഭ്യം വിളിച്ചെന്ന് ആരോപിച്ചായിരുന്നു മർദനം. അഴീക്കൽ മുണ്ടച്ചാലിൽ ബാലകൃഷ്ണനാണ് മർദനമേറ്റത്. ഇയാളുടെ പരാതിയിൽ വളപട്ടണം പോലീസ് കേസെടുത്തു.
ഞായറാഴ്ച വൈകുന്നേരം ആറോടെയാണ് സംഭവം. കാറിനകത്ത് ഇരിക്കുകയായിരുന്ന ബാലകൃഷ്ണനെ യുവാക്കൾ മർദിക്കുകയായിരുന്നു. കാറിൽ നിന്നിറങ്ങി നടന്നുപോയപ്പോൾ പിന്നാലെ ചെന്നും മർദിച്ചു. വീട്ടിൽ കയറി വെട്ടുമെന്നും ഭീഷണിപ്പെടുത്തി. മർദനമേൽക്കാതിരിക്കാൻ ബാലകൃഷ്ണൻ റോഡരികിലെ കടയിലേക്ക് കയറിയപ്പോൾ യുവാക്കളും കടയിലേക്ക് കയറി മർദിച്ചു.
തുടർന്ന്, നാട്ടുകാർ ഇടപെട്ട് യുവാക്കളെ മാറ്റുകയായിരുന്നു. കണ്ടാലറിയാവുന്ന യുവാക്കൾക്കെതിരേയാണ് കേസെടുത്തത്.
തിങ്കളാഴ്ച രാത്രിയാണ് ബാലകൃഷ്ണൻ വളപട്ടണം പോലീസിൽ പരാതി നല്കിയത്.