പച്ചക്കറികൃഷിയിൽ ഏലിയാസിന് വിശ്രമമില്ല; നാലേക്കറിൽ വിളയുന്നത് ടൺ കണക്കിന് പച്ചക്കറികൾ
1598623
Friday, October 10, 2025 7:59 AM IST
ചെറുപുഴ: ചെറുപുഴ പഞ്ചായത്തിൽ മീൻതുള്ളിയിൽ ഏവരേയും അത്ഭുതപ്പെടുത്തുന്ന രീതിയിൽ ആണ് അമ്പാട്ട് ഏലിയാസ് എന്ന കർഷകൻ പച്ചക്കറി കൃഷി ചെയ്യുന്നത്. കഴിഞ്ഞ മുപ്പത് വർഷമായി പച്ചക്കറി കൃഷിയിൽ സജീവ സാന്നിധ്യമായ ഈ കർഷകൻ ഓരോ വർഷവും പുതിയ തരിശുനിലങ്ങൾ കണ്ടെത്തി കൃഷിചെയ്യുകയാണ്. ഇതുവഴി കൃഷിയിടങ്ങൾ തരിശുരഹിതമാക്കുക എന്ന സർക്കാർ ലക്ഷ്യം കൂടി നിറവേറ്റുന്നു.
ഈ വർഷം വെണ്ട, വഴുതിന, ചീര, വെള്ളരി, കക്കിരി, തലോരി, പടവലം, മത്തൻ, കുമ്പളം തുടങ്ങി 17 ഇനം പച്ചക്കറികളാണ് കൃഷിചെയ്യുന്നത്. ഒരു വർഷം രണ്ടും മൂന്നും പ്രാവശ്യം തുടർച്ചയായി കൃഷി ചെയ്യുന്നുണ്ട്.
കുറേ വർഷങ്ങളായി പച്ചക്കറി കൃഷി ചെയ്യുന്നതു കൊണ്ട് ശാസ്ത്രീയ വളപ്രയോഗരീതികളും രോഗകീടബാധ പ്രശ്നങ്ങളെക്കുറിച്ചും അദ്ദേഹം ബോധവനാണെന്ന് കൃഷിയിടം സന്ദർശിച്ച കൃഷി അസിസ്റ്റന്റ് സുരേഷ് കുറ്റൂർ പറഞ്ഞു.
കൃഷിവകുപ്പിന്റെ ഉത്തമ കാർഷിക മുറകൾ അനുസരിച്ചുള്ള കൃഷിരീതിയാണ് ഏലിയാസ് സ്വീകരിക്കുന്നത്. ജൈവ സ്ലറികളാണ് പച്ചക്കറി കൃഷിക്ക് വളമായി ഉപയോഗിക്കുന്നത്. കീടങ്ങളെ നിയന്ത്രിക്കാൻ ഫിറമോൺ ട്രാപ്പുകൾ ഉൾപ്പെടെ ഉപയോഗിക്കുന്നു.
ഉത്പന്നങ്ങൾ വിറ്റഴിക്കുന്ന പ്രധാന മാർക്കറ്റ് പയ്യന്നൂരാണ്. ചെറുപുഴ മാർക്കറ്റുകളിലും വില്പന നടത്തുന്നുണ്ട്. ചില വർഷങ്ങളിൽ പ്രതീക്ഷിക്കുന്നതിനേക്കാൾ വിളവ് ലഭിക്കാറുണ്ട്. അത്തരം സന്ദർഭങ്ങളിൽ പച്ചക്കറികൾ വാഹനത്തിൽ കൊണ്ടുപോയി കവലകളിൽ വച്ച് വില്പന നടത്തുകയാണ് പതിവെന്ന് ഏലിയാസ് പറഞ്ഞു. കൃഷിഭവന്റെ ഭാഗത്ത് നിന്ന് എല്ലാവിധ സാമ്പത്തിക സഹായങ്ങളും നൽകാനുള്ള സംവിധാനം ഏർപ്പെടുത്തുമെന്നും സുരേഷ് കുറ്റൂർ പറഞ്ഞു.