പിണറായി സർക്കാർ അവിശ്വാസികളെ ആരാധനാലയ ഭരണം ഏല്പിച്ച് മോഷണത്തിന് കൂട്ടുനിൽക്കുന്നു: സണ്ണി ജോസഫ്
1598730
Saturday, October 11, 2025 1:47 AM IST
ഇരിട്ടി: പിണറായി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം വിശ്വാസികളല്ലാത്ത സിപിഎമ്മുകാരെ ആരാധനാലയങ്ങളുടെ ഭരണം ഏല്പിച്ച് വ്യാപകമായ വിശ്വാസ ധ്വംസനവും മോഷണവും നടത്തുകയാണെന്നും ഇതിനെതിരെ പൊതു സമൂഹം ജാഗ്രത പാലിക്കണമെന്നും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ.
കെപിസിസിയുടെ നേതൃത്വത്തിൽ കെ. മുരളീധരൻ നയിക്കുന്ന ശബരിമല സംരക്ഷണ ജാഥ വിജയിപ്പിക്കുന്നതിനുള്ള സംഘാടക സമിതി യോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. 14 ന് വൈകുന്നേരം നാലിന് ഇരിട്ടിയിലെത്തിച്ചേരുന്ന ജാഥക്ക് സ്വീകരണം നൽകാൻ യോഗം തീരുമാനിച്ചു.
ചന്ദ്രൻ തില്ലങ്കേരി അധ്യക്ഷത വഹിച്ചു. കെപിസിസി ജനറൽ സെക്രട്ടറി സോണി സെബാസ്റ്റ്യൻ, യുഡിഎഫ് ജില്ലാ ചെയർമാൻ പി.ടി. മാത്യു,മുഹമ്മദ് ബ്ലാത്തൂർ, പി.സി. ഷാജി , ലിസി ജോസഫ്, കെ. വേലായുധൻ, വി.ടി. തോമസ്, പി.എ. നസീർ, ജൂബിലി ചാക്കോ തുടങ്ങിയവർ പ്രസംഗിച്ചു.
ചന്ദ്രൻ തില്ലങ്കേരി - ചെയർമാൻ, പി.കെ. ജനാർദനൻ - ജ :കൺവീനർ, പി.എ. നസീർ, ജൂബിലി ചാക്കോ -വൈസ് ചെയർമാൻമാർ, ജയ്സൺ കാരക്കാട് -ട്രഷറർ എന്നിവർ ഭാരവാഹികളായി 101 അംഗ കമ്മിറ്റി രൂപീകരിച്ചു.