റോഡുകൾ ഗതാഗത യോഗ്യമാക്കാനായി നിവേദനം നൽകി
1598128
Thursday, October 9, 2025 12:58 AM IST
ചെറുപുഴ: ജലജീവൻ പദ്ധതിയ്ക്ക് വേണ്ടി വെട്ടിപ്പൊളിച്ച റോഡ് ഗതാഗത യോഗ്യമാക്കണമെന്നാവശ്യപ്പെട്ട് വാഴക്കുണ്ടം ഹരിത നഗർ റെസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ പഞ്ചായത്ത് അധികൃതർക്ക് പരാതി നൽകി.
ചെറുപുഴ പഞ്ചായത്തിലെ അഞ്ചാം വാർഡിൽപ്പെട്ട വാഴക്കുണ്ടം - വർക്ക് ഷോപ്പ് - കോട്ടക്കുന്ന് റോഡ്, ഹരിതനഗർ - വാഴക്കുണ്ടം റോഡ്, വാഴക്കുണ്ടം ഉന്നതി റോഡ് എന്നീ മൂന്ന് റോഡുകളാണ് ജലജീവൻ പദ്ധതിയ്ക്ക് വേണ്ടി വെട്ടിപ്പൊളിച്ചത്.
ഈ റോഡുകളെ ആശ്രയിക്കുന്ന നൂറോളം കുടുംബങ്ങളാണ് ദുരിതമനുഭവിക്കുന്നത്. വാഹനങ്ങൾ ഓട്ടം വിളിച്ചാൽ വരുന്നില്ലെന്നും കാൽനട യാത്രപോലും ബുദ്ധിമുട്ടാണെന്നും നാട്ടുകാർ പറയുന്നു.
റോഡ് ഗതാഗത യോഗ്യമാക്കണമെന്നാവശ്യപ്പെട്ട് 113 പേർ ഒപ്പിട്ട നിവേദനം ചെറുപുഴ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റെജി പുളിക്കൽ, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.കെ. ജോയി എന്നിവർക്ക് കൈമാറി. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷാന്റി കലാധരൻ, പഞ്ചായത്തംഗങ്ങളായ സിബി എം. തോമസ്, മാത്യു കാരിത്താങ്കൽ എന്നിവരും സന്നിഹിതരായിരുന്നു.
റസിഡൻസ് അസോസിയേഷൻ ഭാരവാഹികളായ ആന്റണി വളവനാട്ട്, ജോയി അർത്തിയിൽ, റിജോ ഉറുകുഴിയിൽ, ലിനേഷ് കെ. നായർ, കെ.സി. റോബിൻ, ജയ അഗസ്റ്റ്യൻ, പ്രസന്ന മോഹനൻ, ബീന ബാലകൃഷ്ണൻ, ഏലിയാമ്മ തെക്കേൽ, സരോജിനി രാമചന്ദ്രൻ, കെ.വി. അമ്മിണി എന്നിവർ നേതൃത്വം നൽകി.