സിപിഎമ്മിന്റെ പുതിയ ജില്ലാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം 20ന്
1598731
Saturday, October 11, 2025 1:47 AM IST
കണ്ണൂർ: സിപിഎമ്മിന്റെ പുതിയ ജില്ലാ കമ്മിറ്റി ഓഫീസായ അഴീക്കോടൻ മന്ദിരം 20ന് വൈകുന്നേരം അഞ്ചിന് കണ്ണൂർ കളക്ടറേറ്റ് മൈതാനിയിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുമെന്ന് ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് അറിയിച്ചു.
സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ അധ്യക്ഷത വഹിക്കും. 2024 ഫെബ്രുവരി 24നാണ് പുതിയ കെട്ടിടത്തിന്റെ ശിലസ്ഥാപനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചത്. 20 മാസം കൊണ്ടാണ് നിർമാണം പൂർത്തീകരിച്ചത്.
പഴയ കെട്ടിടത്തിന്റെ മാതൃകയിൽ പഴയ കെട്ടിടത്തിലുണ്ടായിരുന്ന തടി ഉപയോഗിച്ച് നിർമിച്ച അഞ്ചുനില കെട്ടിടത്തിൽ 500 പേർക്ക് ഇരിക്കാവുന്ന എ.കെ.ജി ഹാൾ, വിവിധ യോഗങ്ങൾക്കുള്ള കോൺഫറൻസ് ഹാൾ, ജില്ലാ കമ്മിറ്റി യോഗ മീറ്റിംഗ്-സെക്രട്ടേറിയറ്റ് മീറ്റിംഗ് ഹാൾ, പാട്യം പഠന ഗവേഷണ കേന്ദ്രം, ലൈബ്രറി, പ്രസ് കോൺഫറൻസ് ഹാൾ, സോഷ്യൽ മീഡിയ റൂം എന്നിവയാണ് സജ്ജീകരിച്ചിരിക്കുന്നത്. പുതിയ കെട്ടിടത്തിനുള്ള നിർമാണഫണ്ട് പാർട്ടി അംഗങ്ങളിൽ നിന്നും തൊഴിലാളികളിൽ നിന്നുമാണ് ശേഖരിച്ചത്.
ഇന്ത്യയിലെ ഏറ്റവും കരുത്തുറ്റ പാർട്ടി സംവിധാനമാണ് കണ്ണൂരിലുള്ളത്. 18 ഏരിയാ കമ്മിറ്റികൾ, 249 ലോക്കൽ കമ്മിറ്റികൾ, 4421 ബ്രാഞ്ചുകൾ എന്നിവയിലായി 65,466 അംഗങ്ങളുണ്ട്. 26,322 അനുഭാവി ഗ്രൂപ്പ് അംഗങ്ങളുമുണ്ട്. ഈ അംഗങ്ങൾ സ്വമേധയാ നൽകിയ സംഭാവന 500 രൂപ മുതൽ ഉയർന്ന തുകകൾ സ്വീകരിച്ചാണ് കെട്ടിട നിർമാണം നടത്തിയത്. കമ്യൂണിസ്റ്റുകാർ ഉണ്ടാക്കിയ ഓഫീസാണ് കണ്ണൂരിലെ പുതിയ ജില്ലാ കമ്മിറ്റി ഓഫീസെന്ന് കെ.കെ.രാഗേഷ് പറഞ്ഞു.
പഴയകാല നേതാക്കൾ, കുടുംബാംഗങ്ങൾ, ഏരിയ കമ്മിറ്റി അംഗങ്ങൾ, അടിയന്തിരാവസ്ഥ പീഡിതർ, പോലീസിൽ നിന്നും രാഷ്ട്രീയ എതിരാളികളിൽനിന്ന് കൊടിയ മർദനവും ആക്രമണവും ഏറ്റുവാങ്ങേണ്ടി വന്നവർ രക്തസാക്ഷി കുടുംബങ്ങൾ, കള്ളക്കേസിൽ ജയിലിൽ കിടക്കുന്നവരുടെ ബന്ധുക്കൾ എന്നിവരുൾപ്പെടെ വൻ ജനാവലി ഉദ്ഘാടന പരിപാടിയിൽ പങ്കെടുക്കുമെന്ന് കെ.കെ. രാഗേഷ് അറിയിച്ചു.
സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ടി.വി. രാജേഷ്, എം. പ്രകാശൻ, ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി.കെ. ഗോവിന്ദൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.