ദമ്പതികളുടെ ആത്മഹത്യ: ദുരൂഹത തുടരുന്നു
1598132
Thursday, October 9, 2025 12:58 AM IST
കാസര്‍ഗോഡ്: മഞ്ചേശ്വരം കടമ്പാറിലെ ദമ്പതികളുടെ ആത്മഹത്യ സംബന്ധിച്ച ദുരൂഹത തുടരുന്നു. മരിക്കുന്നതിന് ഏതാനും ദിവസം മുന്‍പ് അജിത്തിന്റെ ഭാര്യ ശ്വേതയെ വീടിന് സമീപത്ത് സ്കൂട്ടറിലെത്തിയ രണ്ടു സ്ത്രീകളില്‍ ഒരാള്‍ തടഞ്ഞുനിര്‍ത്തി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുന്നതിന്റെയും മര്‍ദ്ദിക്കുകയും ചെയ്യുന്നതിന്റെയും ദൃശ്യങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്.
സമീപത്തെ വീട്ടിലെ സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങളിലുള്ള സ്ത്രീകളെ തിരിച്ചറിഞ്ഞിട്ടില്ല. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടാണ് തര്‍ക്കമെന്നാണ് സൂചന. അതേസമയം സാമ്പത്തിക ബുദ്ധിമുട്ടുകളെ കുറിച്ചോ മറ്റു പ്രയാസങ്ങളെ കുറിച്ചോ അജിത്തും ശ്വേതയും അറിയിച്ചിരുന്നില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. വിവാഹ ആവശ്യത്തിനും അച്ഛന്റെ ചികിത്സയ്ക്കുമായി അജിത് നേരത്തെ ലോണ്‍ എടുത്തിരുന്നു.
ഇവ തിരിച്ചടക്കാന്‍ സഹായിച്ചിരുന്നെന്നും ബന്ധുക്കള്‍ അവകാശപ്പെടുന്നു. സാമ്പത്തിക പ്രയാസം ഉണ്ടായിരുന്നോയെന്നും ആരാണ് മര്‍ദിച്ചതെന്നും കണ്ടെത്തണമെന്നാണ് ബന്ധുക്കള്‍ ആവശ്യപ്പെടുന്നത്. അജിത്തിന്റെയും ശ്വേതയുടെയും ഫോണിലേക്ക് തുടര്‍ച്ചയായി വിളിച്ചവരെ കേന്ദ്രീകരിച്ചാണ് നിലവില്‍ പോലീസ് അന്വേഷണം.
ആത്മഹത്യ പ്രേരണ കുറ്റം ചുമത്താന്‍ കുടുംബം പരാതി നല്‍കിയിട്ടില്ലെന്നും പോലീസ് വ്യക്തമാക്കി. പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയാക്കി ഇന്നലെയാണ് മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ട് നല്‍കിയത്. ഇരുവര്‍ക്കും അന്തിമോപചാരം അര്‍പ്പിക്കാന്‍ നിരവധി പേരാണ് കടമ്പാറിലെ വീട്ടിൽ എത്തിയത്.