കന്റോൺമെന്റ് മേഖലയിലെ വഴികൾ ഡിഫന്‍സ് ഭൂമിയായി കെട്ടിയടയ്ക്കരുത്: കോർപറേഷൻ കൗണ്‍സിൽ
1598123
Thursday, October 9, 2025 12:58 AM IST
കണ്ണൂര്‍: കന്റോൺമെന്റ് പ്രദേശത്തെ പ്രധാന വഴികളും പൊതുസ്ഥലങ്ങളും ഡിഫന്‍സ് ഭൂമിയായി പ്രഖ്യാപിച്ച് സുരക്ഷാ മേഖലയാക്കാനുള്ള നീക്കത്തിനെതിരെ കണ്ണൂര്‍ കോര്പറേഷന് കൗണ്‍സിലില്‍ പ്രമേയം.
ഉത്തരവ് പ്രാബല്യത്തില്‍ വന്നാല്‍ ജില്ലാ ആശുപത്രി, ബസ് സ്റ്റാന്‍ഡ് റോഡ്, അഞ്ചുകണ്ടി ചിറക്കല്‍ കുളം റോഡ്, ആയിക്കര ഫിഷ് മാര്‍ക്കറ്റിന് മുന്‍വശത്തുള്ള എംഇഎസ് റോഡ് എന്നിവയെല്ലാം അടയുമെന്നും ഇത് ജനങ്ങള്‍ക്ക് പ്രയാസമുണ്ടാക്കുമെന്നും ആയിക്കര ഡിവിഷന് കൗണ്‍സിലര്‍ കെ.എം സാബിറ അവതരിപ്പിച്ച പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി. കന്റോണ്‍മെന്റ് പ്രദേശത്തെ പ്രധാന വഴികളും പൊതുസ്ഥലങ്ങളും ഡിഫന്‍സ് ഭൂമിയായി പ്രഖ്യാപിച്ച് സുരക്ഷാ മേഖലയാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ചാണ് പ്രമേയം.
പൊതു ടാപ്പ് ഒഴിവാക്കണമെന്ന് കോര്പറേഷന് തീരുമാനമെടുത്ത് അറിയിച്ചിരുന്നുവെങ്കിലും വീണ്ടും കോര്പറേഷന് ബില്‍ നല്കി വാട്ടര്‍ അതോറിറ്റി. കോര്പ്പറേഷന് പരിധിയിലെ മുഴുവന്‍ പൊതുടാപ്പുകളും വിഛേദിക്കുന്നതിന് ജനുവരി ഒന്നിന് ചേര്‍ന്ന കൗണ്‍സില്‍ തീരുമാനമെടുക്കുകയും നാലോളം കത്തുകള്‍ കോര്പ്പറേഷന് വാട്ടര്‍ അതോറിറ്റിക്ക് അയയ്ക്കുകയും ചെയ്തതാണ്. ഇക്കാര്യത്തില്‍ സര്‍ക്കാരിന് പരാതി നല്‍കാനും വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരെ കൂടി പങ്കെടുപ്പിച്ച് യോഗം ചേരാനും തീരുമാനിച്ചു.
കോര്‍പറേഷനിലെ മാലിന്യ പ്രശ്നം പരിഹരിക്കാന്‍ രാത്രികാല പരിശോധനകള്‍ ഉള്‍പ്പെടെ ശക്തമാക്കാന്‍ കൗണ്‍സില്‍ യോഗത്തില്‍ തീരുമാനിച്ചു.മാലിന്യം തള്ളുന്നത് തടയാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും പക്ഷപാതമില്ലാതെ എല്ലാ കടകളിലും പരിശോധന നടത്തുമെന്നും മേയര്‍ മുസ്ലിഹ് മഠത്തില്‍ പറഞ്ഞു.
ആവശ്യമായ പേപ്പര്‍ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാതെ ടെന്‍ഡര്‍ നടപടികള്‍ നടത്തിയതാണ് പയ്യാമ്പലത്തെ ശ്മശാനം നിര്‍മാണത്തിന് സിആര്‍ഇസെഡ് എന്‍ഒസി അനുമതി ലഭിക്കാത്തതിന് കാരണമെന്ന് കോര്പറേഷന് സെക്രട്ടറി വിനു. സി കുഞ്ഞപ്പന് വ്യക്തമാക്കി.
കാപ്പാട് ഡിവിഷനിലെ ശിശുമന്ദിരം അപകടാവസ്ഥയിലായ കെട്ടിടത്തിലേക്ക് വീണ്ടും മാറ്റാന്‍ ഒരുങ്ങുന്നതില്‍ എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ പ്രതിഷേധിച്ചു. കെട്ടിടത്തിന്റെ അറ്റകുറ്റപണികള്‍ ചെയ്യണമെന്ന് എഇ കോര്‍പറേഷനെ അറിയിക്കുകയും ശിശുമന്ദിരം ലൈബ്രറി കെട്ടിടത്തിലേക്ക് മാറ്റണമെന്ന് നിര്‍ദേശിക്കുകയും ചെയ്തു. എന്നാല്‍ ചില രക്ഷിതാക്കളുടെ ആവശ്യപ്രകാരം ശോച്യാവസ്ഥയിലായ കെട്ടിടത്തിലേക്കുതന്നെ ശിശുമന്ദിരം മാറ്റാനാണ് കൗണ്‍സിലിന്റെ പരിഗണനയ്ക്ക് വന്നത്.
പ്രതിഷേധത്തെത്തുടര്‍ന്ന് താല്കാലിക കെട്ടിടം കണ്ടെത്തി ശിശുമന്ദിരം മാറ്റുമെന്ന് മേയര്‍ മുസ്ലിഹ് മഠത്തില്‍ പറഞ്ഞു.
യോഗത്തില്‍ മേയര്‍ മുസ്ലിഹ് മഠത്തില്‍ അധ്യക്ഷത വഹിച്ചു.
ഡെപ്യൂട്ടി മേയര്‍ പി. ഇന്ദിര, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ സുരേഷ്ബാബു എളയാവൂര്, സിയാദ് തങ്ങള്‍, എന്‍.പി രാജേഷ് , പി.കെ. രാഗേഷ്, അംഗങ്ങളായ ടി. രവീന്ദ്രന്, ടി.ഒ. മോഹനന്, കെ.പി. അബ്ദുല്‍ റസാഖ്, കെ. നിര്‍മ്മല, കെ പ്രദീപന്, പി.വി വത്സലന്‍, കൂക്കിരി രാജേഷ് എന്നിവർ ചര്‍ച്ചയില്‍ പങ്കെടുത്തു.