സംരക്ഷണഭിത്തി നിർമാണം തുടങ്ങി
1598126
Thursday, October 9, 2025 12:58 AM IST
ശ്രീകണ്ഠപുരം: വളക്കൈ അങ്കണവാടിക്ക് മുന്നിൽ ചെങ്ങളായി പഞ്ചായത്ത് മുൻകൈയെടുത്തു സംരക്ഷണഭിത്തി നിർമിക്കുന്നതിന്റെ പ്രാരംഭ നടപടികൾ തുടങ്ങി.ജനുവരി ഒന്നിനാണ് വളക്കൈ ഗ്രാമത്തെ ഞെട്ടിച്ച അപകടമുണ്ടായത്. വളക്കൈയില്‍ സ്കൂള്‍ ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ ചെറുക്കള സ്വദേശിനിയായ അഞ്ചാംക്ലാസ് വിദ്യാർഥിനി നേദ്യ എസ്. രാജേഷ് ആണ് മരിച്ചത്. ബസിലുണ്ടായിരുന്ന 18 കുട്ടികൾക്കാണ് പരിക്കേറ്റത്.
ഇറക്കം ഇറങ്ങുന്നതിനിടെ ബ്രേക്ക് പൊട്ടിയതാണ് അപകടത്തിന് കാരണമെന്നായിരുന്നു ഡ്രൈവര്‍ നിസാമും ആയ സുലോചനയും ആദ്യം പറഞ്ഞത്. എന്നാല്‍ ബ്രേക്ക് പൊട്ടിയിട്ടില്ലെന്ന് എംവിഡി പരിശോധനയില്‍ കണ്ടെത്തി. അപകടത്തിന് ശേഷവും ബ്രേക്ക് കൃത്യമായി പ്രവർത്തിക്കുന്നതായി എംവിഡിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
എന്നാൽ അപകടത്തിന് കാരണം അശാസ്ത്രീയമായി നിര്‍മിച്ച റോഡും ഡ്രൈവറുടെ ശ്രദ്ധക്കുറവുമാണെന്നാണ് എംവിഡി പ്രാഥമിക റിപ്പോര്‍ട്ടിൽ വ്യക്തമാക്കിയിരുന്നു. സ്കൂള്‍ വിട്ട് കുട്ടികളെ വീട്ടിലെത്തിക്കാനുള്ള യാത്രക്കിടെയായിരുന്നു സ്കൂള്‍ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞത്. താഴ്ചയിലേക്ക് മറിഞ്ഞ ബസ് പല തവണകളായി മലക്കംമറിഞ്ഞ് റോഡിലേക്ക് പതിക്കുകയായിരുന്നു.
നേദ്യ ബസിന് പുറത്തേക്ക് തെറിച്ച് വീഴുകയും പിന്നാലെ ബസ് മറിഞ്ഞ് കുട്ടിയുടെ ദേഹത്തേക്ക് വീഴുകയുമായിരുന്നു. റോഡിൽ കിരാത്ത് നിന്നു വളക്കൈയിലേക്കു കുത്തനെയുള്ള വളവും ഇറക്കവുമാണ്. പിഡബ്ല്യുഡി സ്ഥാപിക്കാറുള്ള ക്രാഷ് ബാരിയർ ഇവിടെയില്ല. വളക്കൈ പാലം മുതൽ കിരാത്ത് വരെയുള്ള റോഡ് ചെങ്ങളായി പഞ്ചായത്തിന്റേതാണ്. ഇതിന്റെ തുടക്കത്തിലെ ഭാഗം പിഡബ്ല്യുഡിയുടേതാണ്.
അതിനാൽ അപകടാവസ്ഥയ്ക്കു പരിഹാരം കാണേണ്ടതു സംബന്ധിച്ച ചർച്ചകളാണ് പ്രവൃത്തി വൈകാൻ കാരണമായത്. കിരാത്ത് മേഖലയിൽ ധാരാളം കുടുംബങ്ങൾ താമസിക്കുന്നുണ്ട്. ഇവർ ദിവസേന ആശ്രയിക്കുന്ന റോഡാണിത്. ഒട്ടേറെ വാഹനങ്ങളും കടന്നുപോകാറുണ്ട്. ചുഴലി റോഡും തളിപ്പറമ്പ് - ഇരിട്ടി സംസ്ഥാനപാതയും കിരാത്ത് റോഡും സംഗമിക്കുന്ന ഇവിടെ അപകടാവസ്ഥയ്ക്കു പരിഹാരം കാണണമെന്ന ആവശ്യം ശക്തമായതിനെ തുടർന്നാണ് ചെങ്ങളായി പഞ്ചായത്ത് 10 ലക്ഷം ചെലവിൽ സംരക്ഷണ ഭിത്തി നിർമിക്കാൻ നടപടികൾ സ്വീകരിച്ചത്. റോഡരികിൽ ആണ് വളക്കൈ അങ്കണവാടി പ്രവർത്തിക്കുന്നത്.