ശബരിമല വിഷയം : ബിജെപി കളക്ടറേറ്റ് മാർച്ചിൽ സംഘർഷം
1598631
Friday, October 10, 2025 8:00 AM IST
കണ്ണൂർ: ശബരിമലയിലെ സ്വർണക്കവർച്ച സിബിഐ അന്വേഷിക്കുക, ദേവസ്വം മന്ത്രി രാജിവയ്ക്കുക, ദേവസ്വം ബോർഡ് പിരിച്ചുവിടുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ബിജെപി കണ്ണൂർ കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പോലീസ് രണ്ടുതവണ ജലപീരങ്കി പ്രയോഗിച്ചു.
കണ്ണൂർ നോർത്ത് ജില്ലാ കമ്മിറ്റി, സൗത്ത് ജില്ലാ കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ വ്യത്യസ്ത ഇടങ്ങളിൽ നിന്ന് പ്രകടനമായെത്തിയ പ്രവർത്തകർ നഗരത്തിൽ സംഗമിച്ച് പ്രകടനമായി കളക്ടറേറ്റിലേക്ക് നീങ്ങുകയായിരുന്നു.
സംഘർഷാവസ്ഥ കണക്കിലെടുത്ത് കളക്ടറേറ്റിനു മുന്നിൽ പോലീസ് ബാരിക്കേഡ് നിരത്തി കനത്ത സുരക്ഷയൊരുക്കിയിരുന്നു. ബാരിക്കേഡ് മറികടക്കാൻ പ്രവർത്തകർ ശ്രമിച്ചത് പോലീസും പ്രവർത്തകരും തമ്മിൽ ഉന്തിലും തള്ളിലും കലാശിക്കുകയും പോലീസ് ജലപീരങ്കി പ്രയോഗിക്കുകയുമായിരുന്നു. പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കാനുള്ള പോലീസിന്റെ ശ്രമം നേതാക്കൾ ഇടപെട്ട് തടഞ്ഞു.
ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് വി. ഉണ്ണികൃഷ്ണൻ മാർച്ച് ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയന്റെയും മന്ത്രിമാരുടെയും ദേവസ്വം ബോർഡിന്റെയും മനഃസാക്ഷി സൂക്ഷിപ്പുകാരനാണ് ഉണ്ണികൃഷ്ണൻ പോറ്റിയെന്ന് അദ്ദേഹം പറഞ്ഞു. ശബരിമലയിൽ അന്പലക്കൊള്ളയാണ് നടന്നതെന്ന് കോടതി തന്നെ അഭിപ്രായപ്പെട്ടിരിക്കുന്നു.
കേരളത്തിലെന്പാടും അധർമത്തിനെതിരെയുള്ള ധർമസമരമാണ് നടത്തികൊണ്ടിരിക്കുന്നത്. ദേവസ്വം ബോർഡ് പിരിച്ചുവിട്ട് ഭരണം ഭക്തരെ ഏൽപ്പിക്കണമെന്നും വി. ഉണ്ണികൃഷ്ണൻ ആവശ്യപ്പെട്ടു. ബിജെപി കണ്ണൂർ നോർത്ത് ജില്ലാ പ്രസിഡന്റ് കെ.കെ. വിനോദ്കുമാർ അധ്യക്ഷത വഹിച്ചു. സൗത്ത് ജില്ലാ പ്രസിഡന്റ് ബിജു ഏളക്കുഴി, യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി വരുൺ പ്രസാദ് എന്നിവർ പ്രസംഗിച്ചു. എം.ആർ. സുരേഷ്, ടി.സി. മനോജ്, അജികുമാർ കരിയിൽ, എ.പി. ഗംഗാധരൻ, ഷിജിലാൽ എന്നിവർ നേതൃത്വം നൽകി.
നേതാക്കുടെ പ്രസംഗം തീർന്ന് പരിപാടി അവസാനിക്കാനിരിക്കെ ഒരു സംഘം പ്രവർത്തകർ മുദ്രാവാക്യം വിളിച്ച് വീണ്ടും ബാരിക്കേഡുകൾ മറികടക്കാൻ ശ്രമിച്ചതോടെ പോലീസ് രണ്ടാമതും ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു. പ്രകോപിതരായ പ്രവർത്തകരെ നേതാക്കൾ ഇടപെട്ട് ശാന്തരാക്കി മടക്കി അയച്ചാണ് സംഘർഷാവസ്ഥ ഒഴിവാക്കിയത്. കണ്ണൂർ നോർത്ത് ജില്ലാ കമ്മിറ്റിയുടെ മാർച്ച് പള്ളിക്കുന്ന് സുപ്രണ്ട് ഗേറ്റിൽനിന്നും സൗത്ത് ജില്ലാ കമ്മറ്റിയുടെ മാർച്ച് താണ ജംഗ്ഷനിൽ നിന്നുമായിരുന്നു ആരംഭിച്ചത്.