കൂട്ടുപുഴയിൽ കാട്ടുകൊന്പൻ; ഒരു മണിക്കൂർ വഴിമുടക്കി
1598135
Thursday, October 9, 2025 12:58 AM IST
ഇരിട്ടി: കർണാടകയുടെ ബ്രഹ്മഗിരി വനമേഖലയിൽനിന്ന് എത്തിയ കാട്ടുകൊന്പൻ കൂട്ടുപുഴയിൽ നിലയുറപ്പിച്ച് ഒരു മണിക്കൂർ വഴി മുടക്കി. യാത്രക്കാരെയും നാട്ടുകാരെയും വലച്ച കാട്ടുകൊന്പൻ ഒടുവിൽ വന്ന വഴി മടങ്ങി. രണ്ടു ദിവസം കൂട്ടുപുഴ സ്നേഹഭവന്റെ മുറ്റത്തെത്തി കോഴിക്കൂടും വാഴയും ഉൾപ്പെടെ നശിപ്പിച്ച കാട്ടുകൊമ്പനാണ് കേരള, കർണാടക അതിർത്തിയായ കൂട്ടുപുഴ പാലത്തിൽ എത്തിയത്.
കേരളത്തിലേക്ക് കടക്കാൻ ശ്രമിച്ച കൊമ്പൻ പോലീസ്, എക്സൈസ് ചെക്ക് പോസ്റ്റ് കണ്ടതോടെ വന്നവഴിയിലൂടെ കാട്ടിലേക്ക് മടങ്ങുകയായിരുന്നു. ഇന്നലെ രാവിലെ 11 ഓടെ അതിർത്തിയിൽ എത്തിയ കൊമ്പൻ ഏറെനേരം പാലത്തിൽ നിലയുറപ്പിച്ചു.
മാക്കൂട്ടം ഭാഗത്തുനിന്ന് എത്തിയ യാത്രക്കാർ ഒരു മണിക്കൂറോളം വഴിയിൽ കുടുങ്ങി. ആളുകൾ വീഡിയോ പകർത്തിയും വാഹനങ്ങൾ ഹോണടിച്ചും ജനങ്ങൾ ഒച്ചവച്ചും തുരത്താൻ ശ്രമിച്ചെങ്കിലും കൊമ്പൻ അക്രമസ്വഭാവമൊന്നും കാണിച്ചില്ല.
ആനയെ തുരത്താനുള്ള പോലീസിന്റെയും എക്സൈസിന്റെയും കർണാടക വനപാലകസംഘത്തിന്റെയും ജനങ്ങളുടേയും ശ്രമത്തിനെതിരെ പ്രതികരിക്കാനെന്നോണം പലതവണ വാഹനങ്ങൾക്കു സമീപമെത്തിയെങ്കിലും കുഴപ്പമൊന്നുമുണ്ടാക്കിയില്ല. വനംവകുപ്പ് ഇരിട്ടി സെക്ഷന്റെ നേതൃത്വത്തിലുള്ള വനപാലകർ പതിവുപോലെ പടക്കം പൊട്ടിച്ചും മറ്റും ആനയെ വനത്തിലേക്ക് കയറ്റാനുള്ള ശ്രമം തുടങ്ങി. പതിയെ ആന കൂട്ടുപുഴ സ്നേഹ ഭവൻ റോഡിലേക്ക് പ്രവേശിച്ചു.
ഒടുവിൽ അവിടെനിന്ന് ബ്രഹ്മഗിരി വനമേഖലയിലേക്ക് കയറ്റി വിടുകയായിരുന്നു. ഇതിനിടെ അതിർത്തിയിൽ വാഹനങ്ങളുടെ നീണ്ടനിര രൂപപ്പെട്ടു. മാക്കൂട്ടം വനമേഖലയിൽ കാട്ടാനയുടെ സാന്നിധ്യം ശക്തമാണെങ്കിലും ആദ്യമായിട്ടാണ് കൂട്ടുപുഴ പാലത്തിനു മുകളിൽ പകൽസമയത്ത് മണിക്കൂറുകൾ കാട്ടാന വഴി മുടക്കിയത്.
ജീവിതത്തിലെ ആദ്യാനുഭവം
45 വർഷമായി കൂട്ടുപുഴ ടൗണിൽ ഹോട്ടൽ വ്യാപാരം നടത്തുന്നു. ജീവിതത്തിലെ ആദ്യ അനുഭവമാണിത്. പേരട്ട പുഴയ്ക്ക് അക്കരെ കർണാടക വനമേഖലയാണെങ്കിലും ആന ഒരു തവണ പോലും കൂട്ടുപുഴ പഴയപാലത്തിനടുത്തുവരെ വന്നിട്ടില്ല. സ്നേഹഭവന്റെ ഭാഗങ്ങളിലും പേരട്ടയിലും നിരവധി തവണ ആനയിറങ്ങി നാശനഷ്ടം ഉണ്ടാക്കിയിരുന്നു. പട്ടാപ്പകൽ ആന പാലത്തിൽ നിലയുറപ്പിച്ചത് ജനങ്ങൾക്ക് ഭീഷണിയാണ്. ആന പാലം കടന്നിരുന്നുവെങ്കിൽ കൂട്ടുപുഴ ടൗണിലേക്കും ജനവാസ മേഖലയിലേക്കുമാണ് എത്തുക. അതിർത്തിയിൽ പോലീസിന്റെയും എക്സൈസിന്റെയും മോട്ടോർ വാഹന വകുപ്പിന്റെയും ചെക്ക് പോസ്റ്റുള്ളതുപോലെ വനം വകുപ്പിന്റെ സംവിധാനവും ഉണ്ടാകണം. ആന വീണ്ടും എത്താനുള്ള സാഹചര്യം തള്ളിക്കളയാൻ കഴിയില്ല.
-എ.കെ ദാസൻ (ഹോട്ടൽ വ്യാപാരി, കൂട്ടുപുഴ ടൗൺ)