നീർവേലി യു.കെ. കുഞ്ഞിരാമൻ രക്തസാക്ഷി സ്മൃതി കുടീരത്തിന് നേരെ അക്രമം
1598122
Thursday, October 9, 2025 12:58 AM IST
കൂത്തുപറമ്പ്: നീർവേലിയിൽ സിപിഎം സ്ഥാപിച്ച യു.കെ. കുഞ്ഞിരാമൻ രക്തസാക്ഷി സ്മൃതി കുടീരത്തിന് നേരെ അക്രമം. നീർവേലി - ആയിത്തര റോഡരികിലായി സ്ഥിതി ചെയ്യുന്ന രക്തസാക്ഷി സ്തൂപം ഇടിച്ച് തകർക്കുകയും കരി ഓയിലൊഴിച്ച് വികൃതമാക്കുകയും ചെയ്തു.
സ്തൂപത്തിന് സമീപമുള്ള സിപിഎമ്മിന്റെ കൊടിമരവും പതാകയും നശിപ്പിക്കുകയും ചെയ്ത നിലയിലാണ്. ചൊവ്വാഴ്ച രാത്രി 11.15 ഓടെയാണ് അക്രമം. സംഭവത്തിന് പിന്നിൽ ആർഎസ്എസ് ആണെന്ന് സിപിഎം ആരോപിച്ചു.
വിവരമറിഞ്ഞ് സിപിഎം ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷിന്റെ നേതൃത്വത്തിൽ നേതാക്കളും സ്ഥലത്തെത്തി. ആർഎസ്എസ് ബോധപൂർവം പ്രദേശത്ത് പ്രകോപനമുണ്ടാക്കുകയാണെന്നും. യു.കെ. കുഞ്ഞിരാമന്റെ സ്മരണകളെന്നും ആർഎസ്എസ് ഭയപ്പെടുന്നുണ്ടെന്നും കെ.കെ. രാഗേഷ് പറഞ്ഞു.
ആർഎസ്എസ് വടക്കേ ഇന്ത്യയിൽ കളിക്കുന്നതുപോലെ കേരളത്തിലും കണ്ണൂരിലും കളിക്കാമെന്നു ധരിക്കേണ്ട. അനാവശ്യമായ കാര്യങ്ങൾക്ക് പുറപ്പെടാതിരിക്കുന്നതാണ് നല്ലത്. അതിശക്തമായി തന്നെ ഇത്തരം കാര്യങ്ങൾ പ്രതിരോധിക്കാൻ ശക്തിയുള്ള പാർട്ടിയാണ് കണ്ണൂരിലെ പാർട്ടിയെന്നും കെ.കെ.രാഗേഷ് പറഞ്ഞു.
മൊബൈൽ ഫോറൻസിക് യൂണിറ്റും, വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.
കൂത്തുപറമ്പ് എസിപി കെ.വി. പ്രമോദന്റേയും പോലീസ് ഇൻസ്പെക്ടർ ഗംഗ പ്രസാദിന്റേയും നേതൃത്വത്തിൽ അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്. സംഭവത്തിൽ പ്രതിഷേധിച്ച് സിപിഎം ആഭിമുഖ്യത്തിൽ നീർവേലിയിൽ പ്രകടനവും പൊതുയോഗവും നടന്നു.