സിബിഎസ്ഇ കലോത്സവത്തിന് മേരിഗിരിയിൽ തിരിതെളിഞ്ഞു
1598629
Friday, October 10, 2025 8:00 AM IST
ശ്രീകണ്ഠപുരം: പഠിപ്പിനൊപ്പം കലയെയും സ്നേഹിക്കാനുള്ള നല്ല മനസിന്റെ ഉടമകളായി ഓരോ കുട്ടികളും മാറണമെന്ന് സിനിമാ നടൻ ഗിന്നസ് പക്രു. കണ്ണൂർ സഹോദയ സ്കൂൾ കോംപ്ലക്സിന്റെ സിബിഎസ്ഇ ജില്ലാ കലോത്സവം പൊടിക്കളം മേരിഗിരി ഇംഗ്ലീഷ് മീഡിയം സീനിയർ സെക്കൻഡറി സ്കൂളിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കലാകാരൻമാർ തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കാൻ കഴിയുന്ന കാര്യങ്ങളാണ് അവതരിപ്പിക്കേണ്ടത്.
വിജയിക്കുക എന്നതല്ല, പങ്കെടുക്കുക എന്നതാണ് പ്രധാനം. ഒരോ വേദികളും ജീവിതത്തിലെ പ്രതിസന്ധികൾ മറികടക്കാനുള്ള ഊർജം നൽകുന്നതായിരിക്കണം.
സമൂഹത്തിൽ നല്ല ചലനങ്ങൾ സൃഷ്ടിക്കാൻ ഓരോ കലാകാരനും കലാകാരിക്കും കഴിയണമെന്നും അദ്ദേഹം പറഞ്ഞു. ഉദ്ഘാടന ചടങ്ങുകൾക്ക് എത്തുന്പോൾ എട്ടടി ഉയരമുള്ള വിളക്കുകളാണ് കാണാറ്.
എന്നാൽ ഇവിടെ ഭാഗ്യത്തിന് തന്റെ ഉയരത്തിനനുസരിച്ചുള്ള വിളക്ക് കണ്ടപ്പോൾ തന്നെ ഏറെ ആശ്വാസമായെന്ന് സദസിനെ ചിരിപ്പിച്ചുകൊണ്ടു ഗിന്നസ് പക്രു പറഞ്ഞു. തന്റെ ഉയരത്തിനനുസരിച്ചുള്ള വിളക്ക് ക്രമീകരിച്ച സംഘാടകർക്ക് പ്രത്യേകം നന്ദി പറയുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കണ്ണൂർ സഹോദയ സ്കൂൾ കോംപ്ലക്സ് പ്രസിഡന്റ് കെ.പി. സുബൈർ അധ്യക്ഷത വഹിച്ചു. മേരിഗിരി സ്കൂൾ പ്രിൻസിപ്പൽ ബ്രദർ ഡോ. റജി സ്കറിയ സിഎസ്ടി, ശ്രീകണ്ഠപുരം നഗരസഭാധ്യക്ഷ ഡോ. കെ.വി. ഫിലോമിന, സ്കൂൾ മാനേജർ ബ്രദർ ജോണി ജോസഫ് സിഎസ് ടി, കണ്ണൂർ സഹോദയ ജനറൽ സെക്രട്ടറി ടി.പി. സുരേഷ് പൊതുവാൾ, പയ്യാവൂർ പഞ്ചായത്ത് പ്രസിഡന്റ് സാജു സേവ്യർ, പിടിഎ പ്രസിഡന്റ് ഡോ. മനു ജോസഫ് വാഴപ്പള്ളി, വാർഡ് കൗൺസിലർ വിജിൽ മോഹൻ, മേരിഗിരി സ്കൂൾ വൈസ് പ്രിൻസിപ്പലും കലോത്സവത്തിന്റെ ജോയിന്റ് കൺവീനറുമായ പി.പി. പ്രദ്യുമ്നൻ എന്നിവർ പ്രസംഗിച്ചു.
വിവിധ സ്കൂളുകളിലെ പ്രിൻസിപ്പൽമാർ, സഹോദയ എക്സിക്യുട്ടീവ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു. മൂന്നു ദിവസങ്ങളിൽ പതിനാറ് വേദികളിലായി വിവിധ കാറ്റഗറികളിലെ 83 ഇനങ്ങളിലായി കണ്ണൂർ-കാസർഗോഡ് ജില്ലകളിൽ നിന്നുള്ള 3500 ലധികം പ്രതിഭകളാണ് മാറ്റുരയ്ക്കുന്നത്. കലോത്സവം നാളെ സമാപിക്കും.
കണ്ണൂർ ചിന്മയ മുന്നിൽ
ശ്രീകണ്ഠപുരം: കലോത്സവത്തിന്റെ ആദ്യദിനം 411 പോയിന്റുമായി കണ്ണൂർ ചിന്മയാ വിദ്യാലയംമുന്നേറുന്നു. 381 പോയിന്റുമായി ശ്രീകണ്ഠപുരം മേരിഗിരി ഇംഗ്ലീഷ് മീഡിയം സ്കൂൾ രണ്ടാം സ്ഥാനത്തും 370 പോയിന്റുമായി ശ്രീനാരായണ വിദ്യാമന്ദിർ മൂന്നാം സ്ഥാനത്തുമുണ്ട്.
ഇന്ന് ചോറ്, നാളെ ബിരിയാണി
ശ്രീകണ്ഠപുരം: ചോറും തോരനും അച്ചാറും മോരു കറിയും പൊരിച്ച അയലയും. ആദ്യ ദിവസത്തെ ഉച്ചഭക്ഷണ മെനു ഇതായിരുന്നു. ഇന്നും ചോറും തോരനും അച്ചാറും പൊരിച്ച അയലയും ഉണ്ടാകും. ഒപ്പം സാമ്പാറും.

നാളെ നൽകുന്ന മെനുവിൽ ചിക്കൻ ബിരിയാണിയും വെജിറ്റബിൾ ബിരിയാണിയും ഉൾപ്പെടുത്തിയതായി ഭക്ഷണ കമ്മിറ്റിയുടെ ചുമതല വഹിക്കുന്ന പി.ജെ. ജിജോ പറഞ്ഞു. മേരിഗിരി സ്കൂൾ കലോത്സവത്തിന്റെ ഭക്ഷണപുരയിൽ നിന്ന് ഇന്നലെ മനസും വയറും നിറച്ചത് രണ്ടായിരം പേരാണ്. രാവിലെ പ്രഭാതഭക്ഷണവും വിതരണം ചെയ്തിരുന്നു. സ്കൂളിലെ ഭക്ഷണശാലയിൽ തന്നെയാണ് ക്രമീകരിച്ചത്. എട്ട് അധ്യാപകരും 10 അനധ്യാപകരും വിദ്യാർഥികളുമുൾപ്പടെയുള്ളവർ ചേർന്നാണ് ഭക്ഷണം വിളമ്പിയത്.