എസ്ഐയെ കാറിടിച്ച് കൊല്ലാൻ ശ്രമം; രണ്ടുപേർ അറസ്റ്റിൽ
1598134
Thursday, October 9, 2025 12:58 AM IST
വളപട്ടണം: ഡ്യൂട്ടിയിലായിരുന്ന എസ്ഐയെ കാറിടിച്ച് വധിക്കാൻ ശ്രമിച്ച രണ്ടുപേർ അറസ്റ്റിൽ. വളപട്ടണം എസ്ഐ ടി.എം. വിപിനിനു നേരെ ചൊവ്വാഴ്ച രാത്രിയാണ് വധശ്രമം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് മാടായി സ്വദേശി ഫായിസ് അബ്ദുൾ ഗഫൂർ (23), മാട്ടൂൽ സ്വദേശി പി.പി. നിയാസ് (22) എന്നിവരെയാണ് വളപട്ടണം പോലീസ് അറസ്റ്റ് ചെയ്തത്. കാറും കസ്റ്റഡിയിലെടുത്തു.
ചൊവ്വാഴ്ച രാത്രി പട്രോളിംഗ് നടത്തി തിരിച്ചുവരുന്നതിനിടെ വളപട്ടണം പാലത്തിന് സമീപം ഗതാഗതക്കുരുക്ക് ശ്രദ്ധയിൽപ്പെട്ട എസ്ഐയും സംഘവും വാഹനം നിർത്തി ഗതാഗതം നിയന്ത്രിക്കുന്നതിനിടെ അമിതവേഗത്തിൽ എത്തിയ കെഎൽ 13-യു 1548 നന്പർ കാർ കൈകാണിച്ച് നിർത്താൻ എസ്ഐ നിർദേശിച്ചിരുന്നു.
ഇതിനിടെ മറ്റു വാഹന യാത്രക്കാർ ഈ കാർ അപകടകരമായ രീതിയിലാണ് ഓടിച്ചുവന്നതെന്നും പരാതി പറഞ്ഞു. ഡ്രൈവറോട് റോഡിന്റെ ഒഴിഞ്ഞ ഭാഗത്ത് നിർത്താൻ നിർദേശിച്ചതോടെ കാർ നിർത്തി. ഡ്രൈവറോട് കാറിൽ നിന്നിറങ്ങാൻ ആവശ്യപ്പെട്ടെങ്കിലും കാർ തിരിച്ചുനിർത്തി ഇടിപ്പിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ കാറിന്റെ ബോണറ്റിനു മേൽവീണ തന്നെയും വഹിച്ചു കൊണ്ട് മുന്നോട്ടുപോയ കാർ ഒരു ഓട്ടോയിലിടിച്ചശേഷം മതിലിൽ ഇടിച്ചു നിൽക്കുകയായിരുന്നുവെന്ന് എസ്ഐ വിപിൻ നൽകിയ പരാതിയിൽ പറയുന്നു. അപകടമുണ്ടാക്കിയ ശേഷം ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഇരുവരെയും നാട്ടുകർ ചേർന്ന് പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.
പരിക്കേറ്റ എസ്ഐ വിപിൻ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. വാഹനം ഓടിച്ച അബ്ദുൾ ഗഫൂറിന് ലൈസൻസുണ്ടായിരുന്നില്ല. പോലീസിന്റെ കൃത്യനിർവഹണം തടസപ്പെടുത്തി കൊലപ്പെടുത്താൻ ശ്രമിച്ചതിനും ലൈസൻസില്ലാതെ വാഹനമോടിച്ചതിന് മോട്ടോർ വാഹന വകുപ്പ് നിയമപ്രകാരവും ഇയാൾക്കെതിരെ കേസെടുത്തു.