സിബിഎസ്ഇ കലോത്സവത്തിന് മേരിഗിരിയിൽ ഇന്നു തുടക്കം
1598125
Thursday, October 9, 2025 12:58 AM IST
ശ്രീകണ്ഠപുരം: കണ്ണൂർ സഹോദയ സ്കൂൾ കോംപ്ലക്സിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സിബിഎസ്ഇ കണ്ണൂർ ജില്ലാ കലോത്സവത്തിന് ശ്രീകണ്ഠപുരം പൊടിക്കളം മേരിഗിരി ഇംഗ്ലീഷ് മീഡിയം സീനിയർ സെക്കൻഡറി സ്കൂളിൽ ഇന്ന് തുടക്കമാകും. രാവിലെ സിനിമാതാരം ഗിന്നസ് പക്രു ഉദ്ഘാടനം ചെയ്യും.
തുടർന്ന് പതിനാറ് വേദികളിലായി മത്സരങ്ങൾ ആരംഭിക്കും. സ്റ്റേജ് ഒന്നിൽ ഹൈസ്കൂൾ വിഭാഗം പെൺകുട്ടികളുടെ നാടോടി നൃത്തം, സ്റ്റേജ് രണ്ടിൽ ഹൈസ്കൂൾ വിഭാഗം ആൺകുട്ടികളുടെയും യുപി വിഭാഗം പെൺകുട്ടികളുടെയും ഭരതനാട്യം, സ്റ്റേജ് മൂന്നിൽ ദഫ് മുട്ട്, സംഘനൃത്തം, മിമിക്രി, സ്റ്റേജ് നാലിൽ യുപി, ഹൈസ്കൂൾ വിഭാഗങ്ങളിലെ ആൺകുട്ടികളുടെ നാടോടി നൃത്തം, ഹയർ സെക്കൻഡറി വിഭാഗം പെൺകുട്ടികളുടെ നാടോടി നൃത്തം, യുപി, ഹയർസെക്കൻഡറി വിഭാഗം കർണാടക സംഗീതം എന്നിവ നടക്കും.
മറ്റ് പന്ത്രണ്ട് സ്റ്റേജുകളിലായി ലളിതഗാനം, പ്രസംഗ മത്സരം സംസ്കൃതം, മലയാളം, അറബിക്, ഹിന്ദി പദ്യം ചൊല്ലൽ, ആങ്കറിംഗ്, മോണോ ആക്ട് തുടങ്ങിയവ നടക്കും.
മത്സരങ്ങളിൽ പങ്കെടുക്കുന്ന വിദ്യാർഥികൾക്ക് എല്ലാവിധ സൗകര്യങ്ങളും ഒരുക്കിയിട്ടുള്ളതായും സ്റ്റേജുകളെല്ലാം സജ്ജമാണെന്നും സ്കൂൾ പ്രിൻസിപ്പൽ ബ്രദർ ഡോ. റെജി സ്കറിയ സിഎസ്ടി അറിയിച്ചു.