ഡോക്ടര്‍മാര്‍ അടക്കമുള്ള ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷ സർക്കാർ ഉറപ്പുവരുത്തണം: കെജിഎംഒഎ
1598628
Friday, October 10, 2025 8:00 AM IST
കണ്ണൂർ: താമരശേരി താലൂക്ക് ആശുപത്രിയിൽ ജോലിക്കിടെ ഡോ. വിപിൻ ആക്രമണത്തിന് ഇടയായ സംഭവത്തിൽ പ്രതിഷേധിച്ച് കേരള ഗവ. മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ കണ്ണൂർ ജില്ലാ ഘടകം ജില്ലയിലെ മുഴുവൻ ആരോഗ്യ സ്ഥാപനങ്ങളിലും പ്രതിഷേധ ധർണകൾ സംഘടിപ്പിച്ചു. ഒപി യിൽ ഉൾപ്പെടെ രോഗികളുമായി നേരിട്ട് ബന്ധപ്പെടുന്ന സേവനങ്ങൾ ഒഴികെ എല്ലാ ഔദ്യോഗിക കൃത്യങ്ങളിൽ നിന്നും ജില്ലയിലെ ഡോക്ടർമാർ വിട്ടുനിന്നാണ് തങ്ങളുടെ പ്രതിഷേധം രേഖപെടുത്തിയത്.
ഡോ. വന്ദനദാസ് കൊലപാതകത്തോട് അനുബന്ധിച്ച് സംസ്ഥാന വ്യാപകമായി നടത്തിയ ആശുപ ത്രി സുരക്ഷ ഓഡിറ്റിംഗ് നിർദേശങ്ങൾ അടിയന്തരമായി നടപ്പിലാക്കണമെന്നും നിലവിൽ അത്യാഹിത വിഭാഗത്തിന്റെ സേവനം നടന്നു കൊണ്ടിരിക്കുന്ന സ്ഥാപനങ്ങളിൽ അടിയന്തരമായി പോലീസ് എയ്ഡ് പോസ്റ്റുകൾ പ്രവർത്തനസജ്ജമാക്കണമെന്നും സിസിടിവികൾ സ്ഥാപിക്കണമെന്നും കെജിഎംഒഎ ആവശ്യപ്പെട്ടു.
കൂടാതെ അത്യാഹിത വിഭാഗത്തിൽ ജോലി ചെയ്യുന്നതിനായി എല്ലാ ഷിഫ്റ്റുകളിലും ഏറ്റവും കുറഞ്ഞത് രണ്ട് ഡോക്ടർമാരെ എങ്കിലും നിയോഗിക്കുന്നതിനുള്ള തസ്തികകൾ അനുവദിക്കണ മെന്നും ആവശ്യപ്പെട്ടു.
കൂടാതെ മണിക്കൂറുകൾ ഒപി ടിക്കറ്റിനായും ഡോക്ടറെ കാണുന്നതിനായും ആശുപത്രികളിൽ ചെലവഴിക്കേണ്ടി വരുന്ന പാവപ്പെട്ട രോഗികൾക്ക് നിലവിലെ സാഹചര്യത്തിൽ ഒരാൾക്ക് ഒരു മിനിറ്റിൽ താഴെ മാത്രമേ അനുവദിക്കാനുള്ള സാഹചര്യം നിലവിലുള്ളൂ. ഇത് പരിഹരിക്കുന്നതിനായി എത്രയും പെട്ടന്ന് ആരോഗ്യ സ്ഥാപനങ്ങളിൽ ഡോക്ടർ രോഗി അനുപാതം നിശ്ചയിക്കപ്പെടണമെന്നും സംഘടന ആവശ്യപ്പെട്ടു.
കണ്ണൂർ ജില്ലാ ആശുപത്രിയിൽ നേതാക്കളായ ഡോ. ഒ.ടി. രാജേഷ്, ഡോ. അജിത് കുമാർ എന്നിവരുടെ നേതൃത്വത്തിലും തലശേരി ജനറൽ ആശുപത്രിയിൽ ഇന്ത്യൻ മെഡിക്കൽ അസോസിയേഷനുമായി സഹകരിച്ചുകൊണ്ട് കെജിഎംഒഎ കണ്ണൂർ ജില്ലാ പ്രസിഡന്റ് ഡോ. വി.എസ്. ജിതിൻ, ഐഎംഎ സംസ്ഥാന സെക്രട്ടറി ഡോ.കെ. ശശിധരൻ എന്നിവരുടെ നേതൃത്വത്തിലും, മറ്റ് താലൂക്ക് ബ്ലോക്ക്തല സ്ഥാപനങ്ങളിൽ അതാത് യൂണിറ്റ് കോ-ഓർഡിനേറ്റർമാരുടെ നേതൃത്വത്തിലും ഒരു മണിക്കൂർ നീണ്ട പ്രതിഷേധ ധർണ സംഘടിപ്പിച്ചു.