ലഹരിക്കെതിരേ ചെറുപുഴ സെന്റ് മേരീസ് സ്കൂളിന്റെ ഹ്രസ്വചിത്രം "വല'
1598624
Friday, October 10, 2025 8:00 AM IST
ചെറുപുഴ: സെന്റ് മേരീസ് ഹൈസ്കൂൾ അധ്യാപകരുടെയും വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും സഹകരണത്തോടെ നിർമിച്ച ലഹരിക്കെതിരെയുള്ള ഹ്രസ്വചിത്രം "വല' റിലീസ് ചെയ്തു. മയക്കുമരുന്ന് മാഫിയയുടെ വലയിൽപ്പെടാൻ എളുപ്പമാണെന്ന് പ്രേക്ഷകരെ ബോധവത്കരിക്കുന്നതാണ് ചിത്രം. സെന്റ് മേരീസ് ഹൈസ്കൂളാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ചിത്രത്തിന്റെ രചനയും സംവിധാനവും അധ്യാപകനായ സജീഷ് ടി. മാത്യുവാണ് നിർവഹിച്ചിരിക്കുന്നത്. കാമറ സണ്ണി പതിയിൽ.
സ്കൂൾ മാനേജർ ഫാ. ഫിലിപ്പ് ഇരുപ്പക്കാട്ട് ഷോർട്ട് ഫിലിമിന്റെ സിഡി പ്രകാശനം ചെയ്തു. മുഖ്യാധ്യാപിക മേരിക്കുട്ടി മാത്യു അധ്യക്ഷത വഹിച്ചു. ആദ്യ പ്രദർശനത്തിന്റെ സ്വിച്ച് ഓൺ കർമം ചെറുപുഴ എസ്ഐ കെ.പി. ശശിധരൻ നിർവഹിച്ചു. പിടിഎ പ്രസിഡന്റ് കെ.എ. സജി, ഫാ. ബോഡ്വിൻ അട്ടാറക്കൽ, മദർ പിടിഎ മിനി ഷിജോ, സീമ ജോസ്, സാൽവി സെബാസ്റ്റ്യൻ, സിസി ജേക്കബ് എന്നിവർ പ്രസംഗിച്ചു.
ആദ്യ പ്രദർശനം കാണാൻ വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളും ഉൾപ്പെടെ ഒട്ടേറെ ആളുകൾ സ്കൂളിൽ എത്തിയിരുന്നു.