മട്ടന്നൂരിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ റോഡ് ഉപരോധിച്ചു
1598733
Saturday, October 11, 2025 1:47 AM IST
മട്ടന്നൂർ: ഷാഫി പറമ്പിൽ എംപിക്കു നേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ച് മട്ടന്നൂരിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ റോഡ് ഉപരോധിച്ചു. പ്രകടനം നടത്തിയപ്പോൾ പ്രവർത്തകരെ പോലീസ് അറസ്റ്റു ചെയ്യാൻ ശ്രമിച്ചത് സംഘർഷത്തിനിടയാക്കി. പോലീസും യൂത്ത് കോൺഗ്രസ് പ്രവർത്തകരും തമ്മിൽ പിടിവലിയുണ്ടായി.
ഇന്നലെ രാത്രി 9.30 നാണ് വഴി തടഞ്ഞ് പ്രതിഷേധ സമരം നടത്തിയത്. സംസ്ഥാന വൈസ് പ്രസിഡന്റ് ഒ.ജെ. ജനീഷ് സമരം ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് മണ്ഡലം സെക്രട്ടറി ഷബീർ എടയന്നൂർ, ഫർസീൻ മജീദ് എന്നിവർ പ്രസംഗിച്ചു. വാഹനങ്ങൾ കടത്തിവിടാനുള്ള ശ്രമത്തിന്റെ ഭാഗമായി സമരക്കാരെ പോലീസ് പിടിച്ചു വാഹനത്തിൽ കയറ്റുമ്പോഴാണ് ബഹളമുണ്ടായത്.
അറസ്റ്റു ചെയ്യാൻ അനുവദിക്കില്ലെന്നു പറഞ്ഞ് യൂത്ത് കോൺഗ്രസ് നേതാക്കളും പോലീസും തമ്മിൽ വാക്കേറ്റമുണ്ടായി. പത്ത് മിനുട്ടിനകം സമരം അവസാനിപ്പിക്കുമെന്നും അറസ്റ്റുചെയ്താൽ കൂടുതൽ പ്രകോപനം ഉണ്ടാകുമെന്നും നേതാക്കൾ പറഞ്ഞതോടെ പോലീസ് അറസ്റ്റു നീക്കത്തിൽ നിന്നു പിന്മാറി.
യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വിജിൽ മോഹൻ, വൈസ് പ്രസിഡന്റ് ഫർസീൻ മജീദ്, ഹരികൃഷ്ണൻ പാളാട്, വിനീത് കുമ്മാനം, ജിഷ്ണു പെരിയച്ചൂർ, ഹരികൃഷ്ണൻ പൊറോറ, എ.കെ. രാജേഷ് എന്നവിർ നേതൃത്വം നൽകി.