പാക്കേജ് പരിഗണിക്കുമെന്ന് എം.വി. ഗോവിന്ദൻ എംഎൽഎ
1598753
Saturday, October 11, 2025 1:48 AM IST
തളിപ്പറമ്പ്: തളിപ്പറമ്പിലെ വ്യാപാര സമുച്ചയത്തിൽ വ്യാഴാഴ്ചയുണ്ടായ തീപിടിത്തത്തിൽ വലിയ തോതിൽ നാശനഷ്ടം സംഭവിച്ച വ്യാപാരികൾക്കും തൊഴിലാളികൾക്കും സംസ്ഥാനത്തുണ്ടായ സമാന ദുരന്തങ്ങൾക്ക് തുല്യമായ പാക്കേജ് അനുവദിക്കുന്നത് സംസ്ഥാന സർക്കാർ പരിഗണിക്കുമെന്ന് എം.വി. ഗോവിന്ദൻ എംഎൽഎ. അഗ്നിബാധയുണ്ടായ സ്ഥലം സന്ദർശിച്ചശേഷം തളിപ്പറമ്പ് താലൂക്ക് ഓഫീസിൽ ചേർന്ന വിവിധ വകുപ്പ് മേധാവികളുടെയും വ്യാപാരികളുടെയും തൊഴിലാളി പ്രതിനിധികളുടെയും യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രി പിണറായി വിജയൻ ഇക്കാര്യം അറിയിച്ചതായും എംഎൽഎ പറഞ്ഞു. കണ്ണൂർ ജില്ലയിൽ സമീപകാലത്തുണ്ടായ ഏറ്റവും വലിയ ദുരന്തമാണ് തളിപ്പറമ്പിൽ സംഭവിച്ചത്. നൂറിലേറെ കടകളാണ് പൂർണമായും അഗ്നിക്കിരയായത്. ഒരാഴ്ചയ്ക്കകം എല്ലാ വ്യാപാരികളിൽ നിന്നും നഷ്ടപരിഹാരത്തിനുള്ള അപേക്ഷ സ്വീകരിക്കാൻ റവന്യൂ വകുപ്പ് അടിയന്തരമായി നടപടി സ്വീകരിക്കും.
നഷ്ടപരിഹാരം അനുവദിക്കുന്നതിൽ സങ്കേതികത്വം ഒഴിവാക്കി ദുരന്ത ബാധിതർക്ക് അനൂകൂലമായ നടപടികൾ എടുക്കണമെന്ന് എംഎൽഎ ഉദ്യോഗസ്ഥരോട് നിർദേശിച്ചു. വ്യാപാരികൾ പറയുന്നത് സർക്കാർ മുഖവിലയ്ക്കെടുക്കും. വ്യാപാര സമുച്ചയങ്ങളിലെ നൂറിലേറെ കടകളിൽ ജോലി ചെയ്തിരുന്ന ഭിന്നശേഷിയുള്ളവർ ഉൾപ്പെടെയുള്ള 400 ലേറെ തൊഴിലാളികളുടെ പുനരധിവാസം പരിഗണിക്കേണ്ടതുണ്ട്.
ഹൈഡ്രന്റുകൾക്ക്
14 ലക്ഷം അനുവദിച്ചു
തളിപ്പറമ്പ്: തളിപ്പറമ്പ് അഗ്നിരക്ഷാ നിലയത്തിന്റെ പരിധിയിൽ ഹൈഡ്രന്റുകൾ സ്ഥാപിക്കാൻ എംഎൽഎ ഫണ്ടിൽ നിന്ന്14 ലക്ഷം രൂപ അനുവദിച്ചതായി എം.വി. ഗോവിന്ദൻ എംഎൽഎ അറിയിച്ചു. തീപിടിത്തമുണ്ടാകുമ്പോൾ പൊതുജല വിതരണ പൈപ്പുകളിൽ നിന്ന് നേരിട്ട് വെള്ളമെടുക്കാൻ കഴിയുന്ന സംവിധാനമാണിത്.