കണ്ണൂർ പൈതൃകോത്സവം: ലോഗോ പ്രകാശനം ചെയ്തു
1599011
Sunday, October 12, 2025 1:33 AM IST
കണ്ണൂർ: പുരാവസ്തു, പുരാരേഖ, മ്യൂസിയം വകുപ്പുകളുടെ സംയുക്ത ആഭിമുഖ്യത്തിൽ 15 മുതൽ 27 വരെ കണ്ണൂരിൽ സംഘടിപ്പിക്കുന്ന പൈതൃകോത്സവത്തിന്റെ ലോഗോ പ്രകാശനം വകുപ്പു മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ തിരുവനന്തപുരത്ത് നിർവഹിച്ചു. കോഴിക്കോട് പഴശിരാജാ മ്യൂസിയം ഓഫീസർ കെ. കൃഷ്ണരാജാണ് ലോഗോ രൂപകല്പന ചെയ്തത്.
കേരളം പിന്നിട്ട ഏഴുപതിറ്റാണ്ട് എന്ന വിഷയത്തിൽ അൻപതോളം വരുന്ന ഗ്രന്ഥശാലകളിൽ നടക്കുന്ന പ്രഭാഷണ പരമ്പരയോടെയാണ് പൈതൃകോത്സവ പരിപാടകളുടെ തുടക്കം.
23 മുതൽ 27 വരെ ഗാന്ധിജിയുടെ ജീവിതസന്ദർഭങ്ങളെ അടിസ്ഥാനമാക്കി മുരളി ചീരോത്ത്, പി.എൻ. ഗോപീകൃഷ്ണൻ എന്നിവർ ക്യുറേറ്റ് ചെയ്ത ഗാന്ധി പ്രദർശനം മഹാത്മാമന്ദിരത്തിലും മൂന്നു വകുപ്പുകളുടെ നേതൃത്വത്തിലുള്ള പൈതൃക പ്രദർശനം ടൗൺ സ്ക്വയറിലും നടക്കും.
മുഖ്യവേദിയായ ടൗൺ സ്ക്വയറിലെ പരിപാടികളുടെ ഉദ്ഘാടനം 25 ന് നടക്കും. കണ്ണൂരിന്റെ പ്രാദേശിക ചരിത്രം വിഷയമാക്കി രണ്ടു ഏകദിന സെമിനാറുകൾ നടക്കും. 19 ന് ചിറക്കലും 24 ന് സഎസ്ഐ ഇംഗ്ലീഷ് ചർച്ച് അങ്കണത്തിലുമാണ് സെമിനാറുകൾ നടക്കുക.
ലോഗോ പ്രകാശന ചടങ്ങിൽ മൃഗശാലാ വകുപ്പ് ഡയറക്ടർ പി.എസ്. മഞ്ജുളാദേവി, പുരാരേഖ വകുപ്പ് ഡയറക്ടർ എസ്. പാർവതി, പുരാവസ്തു വകുപ്പ് ഡയറക്ടർ ഇ. ദിനേശൻ, മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ. കെ. ദിവാകരൻ, രജിസ്ട്രേഷൻ ജോയിന്റ് ഇൻസ്പെക്ടർ ജനറൽ സാജൻകുമാർ എന്നിവർ പങ്കെടുത്തു.