ഷാജിക്ക് നാടിന്റെ യാത്രാമൊഴി
1599262
Monday, October 13, 2025 2:01 AM IST
വയനാട്ടുപറമ്പ്: സൗമ്യനും നാട്ടുകാരുടെ പ്രിയങ്കരനുമായ മണ്ണൂർ ഷാജി ജോസഫിന് ആയിരങ്ങളുടെ യാത്രാമൊഴി. ശനിയാഴ്ച വിദേശത്തുനിന്നും വന്ന തന്റെ സുഹൃത്തായ രതീഷിനെ കോഴിക്കോട് എയർപോർട്ടിൽനിന്നു കൂട്ടിക്കൊണ്ടുവരുമ്പോൾ തലശേരിക്കും മാഹിക്കുമിടയിൽ ഇവർ സഞ്ചരിച്ചിരുന്ന ഇന്നോവ കാർ ബസുമായി കൂട്ടിയിടിച്ചാണ് ഷാജി ജോസഫ് മണ്ണൂർ (63)മരിച്ചത്.
കരുവഞ്ചാലിൽനിന്ന് എയർപോർട്ട് വരെയും തിരിച്ച് മാഹി വരെയും കാർ ഓടിച്ചിരുന്നത് ഷാജി ജോസഫായിരുന്നു. തുടർന്ന് മാഹിയിൽനിന്നു സുഹൃത്ത് രതീഷ് കാർ ഓടിക്കുകയായിരുന്നു. മൂന്ന് നാലു കിലോമീറ്റർ പിന്നിട്ടപ്പോൾ തന്നെ കാർ നിയന്ത്രണംവിട്ട് തലശേരിയിൽനിന്നു കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ബസിൽ ഇടിക്കുകയായിരുന്നു.
പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി ശനിയാഴ്ച രാത്രി തന്നെ വീട്ടിലെത്തിച്ച മൃതദേഹം ഒരു നോക്കു കാണാനായി ആയിരക്കണക്കിന് സുഹൃത്തുക്കളാണ് എത്തിയിരുന്നത്. നേരത്തെ കുടിയാന്മലയിൽ താമസിച്ചിരുന്ന ഷാജി വായാട്ടുപറമ്പ് താവുകുന്നിൽ താമസം തുടങ്ങിയിട്ട് കുറച്ചു വർഷങ്ങളെ ആയിട്ടുള്ളൂ.
കരുവഞ്ചാലിൽ പിക്കപ്പ് വാഹനം ഓടിച്ച് ഉപജീവനം നടത്തി വരികയായിരുന്നു. വായാട്ടുപറമ്പ് സെന്റ് ജോസഫ് പള്ളിയിൽ നടന്ന സംസ്കാര ശുശ്രൂഷകൾക്ക് ഇടവക വികാരി റവ. ഡോ. തോമസ് തെങ്ങുംപള്ളിൽ മുഖ്യകാർമികത്വം വഹിച്ചു.