തളിപ്പറമ്പിൽ യുഡിഎഫ് ജനകീയ സദസ് 13 ന്
1599018
Sunday, October 12, 2025 1:33 AM IST
തളിപ്പറമ്പ്: തളിപ്പറമ്പ് വ്യാപാര സമുച്ചയത്തിലെ ഒരു സ്ഥാപനത്തിൽ ഉണ്ടായ തീ മറ്റു സ്ഥാപനങ്ങളിലേക്ക് വ്യാപിച്ച് കോടികളുടെ നഷ്ടം ഉണ്ടാകാൻ ഇടയാക്കിയത് അഗ്നിശമന സേനയുടെയും പൊലീസിന്റേയും സമീപനത്തിലെ പോരായ്മ കാരണമാണെന്ന് യുഡിഎഫ് തളിപ്പറമ്പ് മുനിസിപ്പൽ കമ്മിറ്റി ഭാരവാഹികൾ പത്രസമ്മേളനത്തിൽ ആരോപിച്ചു.
ചടുലമായ രക്ഷാപ്രവർത്തനം നടത്തുന്നതിൽ അഗ്നിശമന സേനയ്ക്ക് വീഴ്ച്ചയുണ്ടായി. ആദ്യ ഒരു മണിക്കൂർ വേണ്ട രീതിയിൽ ഉപയോഗപ്പെടുത്താൻ സാധിച്ചില്ല. വിലപ്പെട്ട സമയം പാഴാക്കിയതാണ് തീപിടിത്തം വ്യാപിക്കാൻ ഇടയായത്.
ആദ്യം എത്തിയ തളിപ്പറമ്പ് അഗ്നിശമന യൂണിറ്റിന്റെ വാഹനങ്ങളിൽ ശക്തിയായി വെള്ളം പമ്പ് ചെയ്യുന്നതിനുള്ള സൗകര്യം ഉണ്ടായിരുന്നില്ല. മറ്റു സ്ഥലങ്ങളിൽ നിന്നെത്തിയ അഗ്നി ശമന യൂണിറ്റുകൾ ചേർന്നാണ് തീ നിയന്ത്രണ വിധേയമാക്കിയത്. വർഷങ്ങളായി പ്രവർത്തിക്കുന്ന തളിപ്പറമ്പ് യൂണിറ്റിന് മതിയായ അഗ്നി ശമന സംവിധാനങ്ങൾ ഇല്ലാത്തത് ഗൗരവകരമായ വിഷയമാണ്.
പൊലീസിന്റെ ഭാഗത്ത് നിന്ന് ഗതാഗത തടസം ഒഴിവാക്കാനുള്ള ഇടപെടൽ ഉണ്ടായില്ല. ഗതാഗത തടസം കാരണം അഗ്നിശമന സേനയുടെ വാഹനങ്ങൾ തളിപ്പറമ്പിൽ എത്താൻ വൈകി. ഇത് ഗതാഗത നിയന്ത്രണത്തിലുള്ള അപാകതയാണ്.
നിരുത്തരവാദ പരമായ നടപടിയാണ് തളിപ്പറമ്പിലെ അഗ്നിബാധ രൂക്ഷമാക്കിയതെന്ന് അവർ ആരോപിച്ചു. പ്രതിഷേധ സൂചകമായി ടൗൺ സ്ക്വയറിൽ തിങ്കളാഴ്ച്ച ഉച്ചയ്ക്ക് ശേഷം 3.30 ന് യുഡിഎഫ് തളിപ്പറമ്പ് മുനിസിപ്പൽ കമ്മറ്റി ജനകീയ സദസ് സംഘടിപ്പിക്കുമെന്നും നേതാക്കൾ പറഞ്ഞു.
പത്രസമ്മേളനത്തിൽ യുഡിഎഫ് തളിപ്പറമ്പ് മുനിസിപ്പൽ കമ്മറ്റി നേതാക്കളായ പി. മുഹമ്മദ് ഇക്ബാൽ, കെ.വി. മുഹമ്മദ് കുഞ്ഞി, കെ. മുഹമ്മദ് ബഷീർ, രജനി രമാനന്ദ്, ടി.ആർ. മോഹൻദാസ്, എം.എൻ. പൂമംഗലം, സി.സി. ശ്രീധരൻ എന്നിവർ പങ്കെടുത്തു.