ആറളം മോഡൽ റസിഡൻഷ്യൽ സ്കൂൾ മതിൽ കാട്ടാന തകർത്തു
1599000
Sunday, October 12, 2025 1:33 AM IST
ഇരിട്ടി: ഗജമുക്തി പദ്ധതിയിലൂടെ ആറളം ഫാം മേഖലയിലെ കാട്ടാനകളെ തുരുത്തുന്നുണ്ടെന്ന് വനംവകുപ്പ് അവകാശപ്പെടുന്പോഴും കാട്ടാനയാക്രമണം തുടരുന്നു. ആറളം മോഡൽ റസിഡൻഷ്യൽ സ്കൂളിന്റെ മതിൽ കാട്ടാന തകർത്തു. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം.
പുനരധിവാസ മേഖലയിലെ ബ്ലോക്ക് ഏഴിൽ അത്യാധുനിക സൗകര്യങ്ങളോടെ 17.5 കോടിയോളം രൂപ ചെലവഴിച്ചു നിർമിച്ച മോഡൽ റസിഡൻഷ്യൽ സ്കൂളിന്റെ പ്രധാന ഗേറ്റിനോടു ചേർന്ന ഭാഗമാണ് തകർത്തത്. രാവിലെ ജോലിക്ക് പോയ തൊഴിലാളികളാണു മതിൽ പൊളിഞ്ഞുകിടക്കുന്നത് കണ്ടത്.
നിർമാണം പൂർത്തിയാക്കി വർഷങ്ങളായി പൂട്ടിക്കിടക്കുന്ന കെട്ടിടത്തിന്റെ ചുറ്റുമതിൽ പത്തിലധികം തവണ കാട്ടാനകൾ തകർത്തിരുന്നു. ആനക്കൂട്ടം ഏറ്റവുമധികം തമ്പടിക്കുന്ന ബ്ലോക്ക് 7/2 ലെ വയനാടൻ മേഖലയുടെ സമീപത്തായാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.
തിരുനെല്ലി എംആർഎസ് ഇവിടേക്ക് മാറ്റി സ്ഥാപിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഏതുനിമിഷവും ആനകൾ മതിൽ തകർത്ത് ഉള്ളിൽ പ്രവേശിക്കുന്ന അപകടാവസ്ഥ നിലനിൽക്കുന്ന സ്ഥലത്തേക്ക് സ്കൂൾ മാറ്റിസ്ഥാപിക്കുന്നത് ആശങ്കയ്ക്കിടയാക്കുന്നുണ്ട്. മൂന്ന് ആനകൾ ഇതുവഴി ചുറ്റിത്തിരിയുന്നുവെന്നാണു പ്രദേശവാസികൾ പറയുന്നത്.
ആറളം ഫാം മേഖലയിൽ കുരങ്ങും വ്യാപകമായി കൃഷി നശിപ്പിക്കുന്നുമുണ്ട്. തെങ്ങുകളിൽ കരിക്കു പോലും അവശേഷിക്കാത്ത രീതിയിൽ കുരങ്ങുകൾ പൂർണമായും നശിപ്പിക്കുകയാണ്.
കഴിഞ്ഞ ദിവസം മേഖലയിൽ കൃഷി ചെയ്തിരുന്ന മഞ്ഞൾ കുരങ്ങുകൾ നശിപ്പിച്ചിരുന്നു. വീടിനുള്ളിൽ കയറിയ കുരങ്ങ് ഭക്ഷണസാധനങ്ങൾ ഉൾപ്പെടെ നശിപ്പിക്കുന്നതും പതിവാണ്. ബ്ലോക്ക് ഒന്പതിലെ താമസക്കാരി ലതയുടെ പുരയിടത്തിലെ അവശേഷിക്കുന്ന തെങ്ങുകളിൽ കുരങ്ങുകൾ വ്യാപകമായി നാശം വിതച്ചു.