ഫ്ലോർമിൽ ജീവനക്കാരിയുടെ മാല കവർന്ന് വിദേശത്തേക്ക് കടന്ന പ്രതി അറസ്റ്റിൽ
1599010
Sunday, October 12, 2025 1:33 AM IST
ചക്കരക്കൽ: ഫ്ലോർ മില്ലിലെത്തി ജീവനക്കാരിയായ വയോധികയുടെ മൂന്നര പവന്റെ മാല പൊട്ടിച്ച ശേഷം വിദേശത്തേക്ക് കടന്ന പ്രതി അറസ്റ്റിൽ. വാരം പുറത്തീലിലെ അസ്ലത്തെയാണ് (37)നെ ചക്കരക്കൽ എസ്ഐ അംബുജാക്ഷനും സംഘവും അറസ്റ്റ് ചെയ്തത്.
വലിയന്നൂർ കടാങ്കോട് റോഡിലെ ശ്രുതി ഫ്ലോർ മിൽ ജീവനക്കാരി പുത്തൻ വീട്ടിൽ ശ്രീദേവിയുടെ (79) മാലയായിരുന്നു കഴിഞ്ഞ മാസം 17ന് ഉച്ചയോടെ മില്ലിലെത്തിയ പ്രതി പൊട്ടിച്ചു കടന്നു കളഞ്ഞത്. മില്ലിൽ കടന്നു ചെന്ന മോഷ്ടാവ് വയോധികയെ പിടിച്ചു തള്ളി മാല പൊട്ടിച്ചെടുത്ത ശേഷം സ്കൂട്ടറിൽ രക്ഷപ്പെടുകയായിരുന്നു.വീഴ്ചയിൽ പരിക്കേറ്റ വയോധിക ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ഏതാനും ദിവസം മുന്പ് ഇയാൾ നാട്ടിൽ തിരിച്ചെത്തിയിട്ടുണ്ടെന്ന വിവരത്തെ തുടർന്ന് പോലീസ് വീട്ടിലെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.