ആൽഫാ ഇൻസ്റ്റിറ്റ്യൂട്ടിൽ ബിരുദദാന ചടങ്ങ് നടത്തി
1599022
Sunday, October 12, 2025 1:33 AM IST
തലശേരി: ആൽഫാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിലിജിയസ് സയൻസസിലെ ബിരുദദാന ചടങ്ങ് തലശേരി സാൻജോസ് മെട്രോപോളിറ്റൻ സ്കൂൾ ഓഡിറ്റോറിയത്തിൽ ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനി ഉദ്ഘാടനം ചെയ്തു. തിയോളജി എന്നാൽ ദൈവം മനുഷ്യനു വേണ്ടി ചെയ്തവയെ കുറിച്ചുള്ള ഓർമയാണെന്നുആൽഫാ ഇൻസ്റ്റിറ്റ്യൂട്ട് ചാൻസിലർ കൂടിയായ മാർ ജോസഫ് പാംപ്ലാനി പറഞ്ഞു.
കണ്ണൂർ രൂപത സഹായമെത്രാൻ ഡോ. ഡെന്നിസ് കുറുപ്പശേരി മുഖ്യാതിഥിയായിരുന്നു. ദൈവശാസ്ത്ര പഠനത്തിൽ അല്മായർ കാണിക്കുന്ന താത്പര്യം അഭിനന്ദനാർഹമാണെന്ന് ബിഷപ് ഡോ. ഡെന്നിസ് കുറുപ്പശേരി പറഞ്ഞു. ഡിപ്ലോമ, ബിരുദം, ബിരുദാനന്തര ബിരുദം എന്നീ വിഭാഗങ്ങളിലായി വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള 98 പേരാണ് കോഴ്സ് പൂർത്തിയാക്കി സർട്ടിഫിക്കറ്റുകൾ സ്വീകരിച്ചത്. ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ റവ. ഡോ. മാത്യു കൊട്ടുകാപ്പള്ളി, പ്രസിഡന്റ് റവ. ഡോ. ഫിലിപ്പ് കവിയിൽ, ഡീൻ ഓഫ് സ്റ്റഡീസ് റവ. ഡോ. ജോജി കാക്കരമറ്റത്തിൽ, എക്സാമിനേഷൻ കൺട്രോളർ സിസ്റ്റർ ഡോ. ജിൻസി വള്ളിപ്പറമ്പിൽ എസ്എബിഎസ്, അതിരൂപത ചാൻസലർ റവ. ഡോ ബിജു മുട്ടത്തൂകുന്നേൽ എന്നിവർ പ്രസംഗിച്ചു.