കാപ്പിമലയെ ജനവാസ ടൂറിസം കേന്ദ്രമാക്കുക ലക്ഷ്യം: സജീവ് ജോസഫ് എംഎൽഎ
1599260
Monday, October 13, 2025 2:01 AM IST
ആലക്കോട്: ആലക്കോട് -കാപ്പിമല റോഡ് നിർമാണ പ്രവൃത്തി ഉടൻ തുടങ്ങുമെന്ന് സജീവ് ജോസഫ് എംഎൽഎ. വന്യമൃഗശല്യവും യാത്രാദുരിതം കൊണ്ടും പ്രതിസന്ധിയിലായി നാടുവിട്ടു പോകേണ്ടി വന്ന ജനങ്ങളുടെ ശക്തമായ തിരിച്ചുവരവിനുള്ള സാധ്യതയാണ് മെക്കാഡം ടാറിംഗ് പൂർത്തിയാകുമ്പോൾ ഉണ്ടാവാൻ പോകുന്നതെന്നും, കാപ്പിമലയെ ജനവാസ ടൂറിസം കേന്ദ്രമാക്കി മാറ്റുകയാണ് ലക്ഷ്യംമെന്നും എംഎൽഎ പറഞ്ഞു.
ഒറ്റത്തൈ സെന്റ് ആന്റണീസ് പാരീഷ് ഹാളിൽ റോഡ് നിർമാണത്തിന് മേൽനോട്ടം വഹിക്കാൻ വിളിച്ചുചേർത്ത ജനകീയ കമ്മിറ്റി രൂപീകരണ യോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കിഫ്ബിയിൽ സമ്മർദ്ദം ചെലുത്തിയാണ് ഫണ്ട് നേടാനായതെന്നും സമയബന്ധിതമായി ടാറിംഗ് പൂർത്തീകരിക്കുമെന്നും എംഎൽഎ പറഞ്ഞു.
7.79 കിലോമീറ്റർ റോഡ് പത്തു മീറ്റർ വീതിയുള്ളതിൽ ഏഴു മീറ്റർ ടാറിംഗ് നടത്തുന്നതിനാണ് അനുമതി ലഭിച്ചത്. 40 കൾവർട്ട്, 8800 മീറ്റർ ഡ്രെയിനേജ് ഉൾപ്പെടെയുള്ള പ്രവർത്തിക്ക് 49.86 കോടി രൂപയാണ് അനുവദിച്ചത്. ഇരിക്കൂർ കൺസ്ട്രക്ഷൻ കമ്പനിയാണ് റോഡിന്റെ പ്രവർത്തി ഏറ്റെടുത്തിരിക്കുന്നത്.
ആലക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോജി കന്നിക്കാട്ട് അധ്യക്ഷത വഹിച്ചു.
ഫാ. ജിബിൻ വട്ടംകാട്ടേൽ, ഫാ. നിധിൻ തകിടിയേൽ, സാജൻ ജോസഫ്, ബാബു പള്ളിപ്പുറം, കെ.പി. സാബു, തുളസീധരൻ, വി.ജി. സോമൻ, ടെന്നീസ് വാഴപ്പള്ളി, എസ്.ആർ. ശ്രീക്കുട്ടൻ, കവിത ഗോവിന്ദൻ, വത്സല പ്രകാശ്, മാത്യു പുതിയേടം എന്നിവർ പ്രസംഗിച്ചു. ജോജി കന്നിക്കാട്ട് -ചെയർമാൻ, കെ.പി. സാബു -കൺവീനർ എന്നിവരുടെ നേതൃത്വത്തിൽ ജനകീയ കമ്മിറ്റി രൂപീകരിച്ചു.